അയ്യപ്പന്റെ അഭിഷേക നെയ്യിലും കൊള്ള

Wednesday 14 January 2026 1:05 AM IST

കൊച്ചി: ശബരിമല സന്നിധാനത്ത് അഭിഷേകം ചെയ്ത നെയ്യ് (ആടിയ ശിഷ്ടം നെയ്യ്) വില്പനയിലെ വൻക്രമക്കേട് വിജിലൻസ് അന്വേഷിക്കും. 2025 നവംബർ 17 മുതൽ 2026 ജനുവരി 2 വരെ 35,000ലധികം നെയ് പായ്ക്കറ്റുകളുടെ കണക്ക് കാണിക്കാതെ 35 ലക്ഷത്തിലധികം രൂപയുടെ തിരിമറിയാണ് ജീവനക്കാർ നടത്തിയത്. ക്രമക്കേടിന്റെ വ്യാപ്തി ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരിമറി സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണറും ദേവസ്വം വിജിലൻസും നൽകിയ റിപ്പോർട്ടുകൾ പ്രകാരമാണ് ഉത്തരവ്.

അന്വേഷണത്തിനായി മികച്ച ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിക്കാൻ വിജിലൻസ് ഡയറക്ടറോട് നിർദ്ദേശിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഹൈക്കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. വിവരങ്ങൾ രഹസ്യമായിരിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. വിജിലൻസ് സംഘം ഒരു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം. അന്തിമ റിപ്പോർട്ട് ഹൈക്കോടതിയുടെ അനുമതിയോടെയാകണം.

സന്നിധാനത്തെ മരാമത്ത് കെട്ടിടത്തിലെ കൗണ്ടറിൽ നിന്നടക്കം നെയ്യ് വിറ്റതിലാണ് ക്രമക്കേട്. നവംബർ 17മുതൽ ഡിസംബർ 26 വരെ വിറ്റതിൽ 13,679 പായ്‌ക്കറ്റുകളുടെ വില ദേവസ്വത്തിൽ അടച്ചിട്ടില്ല. ഡിസംബർ 27 മുതൽ ജനുവരി രണ്ടുവരെ 22,565 പായ്‌ക്കറ്റുകളുടെ വിലയും കാണിച്ചിട്ടില്ല. 36.33 ലക്ഷം രൂപയുടെ ക്രമക്കേടുണ്ടായെന്ന് ദേവസ്വം വിജിലൻസ് അറിയിച്ചിരുന്നു. ക്രമക്കേടിന്റെ പേരിൽ കൗണ്ടർ ജീവനക്കാരനായ സുനിൽകുമാർ പോറ്റിയെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.

പാലക്കാട്ടെ പ്രേമൻ എന്ന കരാറുകാരനാണ് ആടിയ നെയ്യ് പായ്‌ക്കറ്റിൽ നിറയ്ക്കുന്ന കരാർ. ഇവരുടെ കൈവശമുള്ള കണക്കുകളും തിരിമറി കണ്ടെത്താൻ സഹായകമായി. രണ്ടു മാസം കൊണ്ട് ഇത്രയും നടന്ന സാഹചര്യത്തിൽ ക്രമക്കേടിന്റെ വ്യാപ്തി സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ദേവസ്വം വിജിലൻസിന്റെ ഫയലുകൾ ഉടൻ പ്രത്യേക വിജിലൻസ് അന്വേഷണസംഘത്തിന് കൈമാറണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.

നെയ്യുടെ പോറ്റി ഇങ്ങനെ

നെയ്യ് വാങ്ങിയ പല ഭക്തർക്കും കൗണ്ടർ ജീവനക്കാരനായ സുനിൽകുമാർ പോറ്റി രസീത് നൽകിയില്ല. നവംബർ 24 മുതൽ 30 വരെ 68,200 രൂപ ഇയാൾ ബോർഡിലേക്ക് അടച്ചില്ല. ഇതു കണ്ടെത്തി മേലധികാരികൾ നിർദ്ദേശം നൽകിയതോടെ 17 ദിവസം കഴിഞ്ഞ് തുക തിരിച്ചടച്ചു.

കൗണ്ടർ ഡ്യൂട്ടി മാറുന്ന ജീവനക്കാർ ബാക്കിയുള്ള സ്റ്റോക്ക് രേഖപ്പെടുത്താറില്ല. ഇതിലെ എൻട്രികൾ ചട്ടപ്രകാരമല്ല. ഇത് പണം തിരിമറി ലക്ഷ്യമിട്ടാണെന്നു കരുതാനാവുമെന്നും കോടതി നിരീക്ഷിച്ചു.