ശങ്കരദാസിന്റെ മെഡിക്കൽ റിപ്പോർട്ട് ഇന്ന് കോടതിയിൽ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായിരുന്ന കെ.പി.ശങ്കരദാസിന്റെ ആരോഗ്യനില പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഇന്ന് കൊല്ലം ജില്ലാക്കോടതിയിൽ എസ്.ഐ.ടി ഹാജരാക്കും. ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടാണിത്.
പക്ഷാഘാതം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് ശങ്കരദാസ്. സംസാരിക്കാൻ കഴിയില്ലെന്നും ചോദ്യം ചെയ്താൽ ആരോഗ്യനില വഷളാവുമെന്നുമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഡോക്ടർമാർ എസ്.ഐ.ടിക്ക് നേരത്തേ നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടിൽ ആരോഗ്യനില പെട്ടെന്ന് വഷളായെന്നും ഹൃദയസ്തംഭനമുണ്ടായെന്നുമടക്കം വിവരങ്ങളുണ്ടായിരുന്നെന്നാണ് അറിയുന്നത്. ഇതേത്തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് ശങ്കരദാസിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചത്. എ.പത്മകുമാർ അദ്ധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു ശങ്കരദാസ്. ബോർഡംഗമായിരുന്ന എൻ.വിജയകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും പത്മകുമാറിനൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായെന്നും എസ്.ഐ.ടി പറയുന്നു. ശങ്കരദാസിന്റെ അറസ്റ്റ് നീളുന്നതിൽ എസ്.ഐ.ടിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതിയുടെ അനുമതിയോടെ തുടർ നടപടികൾ സ്വീകരിക്കാൻ എസ്.ഐ.ടി തീരുമാനിച്ചത്.