അലീസ ഹീലി വിരമിക്കുന്നു

Wednesday 14 January 2026 12:14 AM IST

സിഡ്‌നി: 16 വർഷം നീണ്ട ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുവാൻ തീരുമാനിച്ച് ഓസ്ട്രേലിയൻ വനിതാ താരം അലീസ ഹീലി.മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ഇയാൻ ഹീലിയുടെ മരുമകളും ഇപ്പോഴത്തെ പേസർ മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയുമാണ് അലീസ. അടുത്തമാസങ്ങളിൽ ഇന്ത്യയുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കുമെന്നാണ് 35കാരിയായ അലീസ ഒരു അഭിമുഖത്തിൽ അറിയിച്ചത്.

2010ൽ ഓസീസിനായി അരങ്ങേറിയ അലീസ 10 ടെസ്റ്റും 123 ഏകദിനങ്ങളും 162 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 3,563 റൺസും ട്വന്റി-20യിൽ 3,054 റൺസും ടെസ്റ്റിൽ 489 റൺസും നേടി. ദീർഘനാൾ മെഗ് ലാനിംഗിന്റെ കീഴിൽ വൈസ് ക്യാപ്ടനായിരുന്നു . 2023-ൽ ക്യാപ്ടനായി. ഓസീസിന്റെ എട്ട് ഐ.സി.സി ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായി. ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും (2022-ൽ ഇംഗ്ലണ്ടിനെതിരെ 170) വനിതാ ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതൽ പുറത്താക്കലുകളും അലീസയുടെ പേരിലാണ്. രണ്ടുതവണ ഐ.സി.സി വനിതാ ട്വന്റി-20 ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇത്തവണത്തെ വനിതാ പ്രീമിയർ ലീഗ് 2026 ലേലത്തിൽ ഹീലിയെ ആരും ടീമിലെടുത്തിരുന്നില്ല.