കലാമാമാങ്കത്തിന് ഇന്ന് തിരിതെളിയും
തൃശൂർ: സ്വർണ്ണക്കപ്പെത്തി, ഭക്ഷണപ്പുരയുണർന്നു, മത്സരാർത്ഥികൾ നിരന്നു... ഇനി അഞ്ചുനാൾ പൂരങ്ങളുടെ നാട്ടിൽ കലോത്സവപ്പൂരം. ഇന്ന് രാവിലെ 10ന് തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കുന്നതോടെ കലയുടെ കേളികൊട്ടുയരും. ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ.രാജൻ, ഡോ. ആർ.ബിന്ദു, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ.ചിഞ്ചു റാണി എന്നിവർ സന്നിഹിതരാകും. നടി റിയ ഷിബു മുഖ്യാതിഥിയാകും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് പതാക ഉയർത്തും. പ്രധാന വേദിയായ സൂര്യകാന്തിക്ക് സമീപം 100 വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം അരങ്ങേറും. 11.30ന് എച്ച്.എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടമാണ് പ്രധാനവേദിയിലെ ആദ്യമത്സരം.