പരാമർശം വസ്തുതാവിരുദ്ധം: ജഡ്ജിക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി അഡ്വ. ടി.ബി. മിനി

Wednesday 14 January 2026 1:18 AM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പുറപ്പെടുവിച്ച ജഡ്‌ജി തനിക്കെതിരെ നടത്തിയ പരാമർശം വാസ്‌തവവിരുദ്ധവും അപമാനകരവുമാണെന്ന് നടിയുടെ അഭിഭാഷക ടി.ബി. മിനി ഫേസ്ബുക്കിൽ കുറിച്ചു. വിചാരണ നടന്ന ഒന്നര വർഷം സ്ഥിരമായി കോടതിയിലിരുന്ന അഭിഭാഷക 10 ദിവസത്തിൽ താഴെ മാത്രമാണ് വന്നതെന്ന് മാദ്ധ്യമങ്ങൾ കേൾക്കാനായി ജഡ്‌ജി കളവ് പറഞ്ഞതാണ്.

ഇന്ത്യൻ ജുഡിഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് വക്കീൽ കോടതിമുറിയിലില്ലാത്ത സമയത്ത് ജഡ്‌ജി മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തി കളവും വാസ്തവവിരുദ്ധവുമായ കാര്യങ്ങൾ പറഞ്ഞത്. തന്നെയും തൊഴിലിനെയും അപകീർത്തിപ്പെടുത്തുകയാണ് ജഡ്‌ജി ഹണി എം. വർഗീസ് ചെയ്‌തത്.

നടി കേസിലെ ഉത്തരവിന് ശേഷം യൂ ട്യൂബ് ചാനലുകൾ സംഘടിതമായി അതിജീവിതയെയും തന്നെയും ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതിഅലക്ഷ്യ കേസുകൾ വാദത്തിന് വച്ചിരുന്നു. ഷെർലി എന്ന വാദിയുടെ വക്കാലത്താണ് തനിക്കുണ്ടായിരുന്നത്. ഹൈക്കോടതിയിൽ കേസുണ്ടായതിനാൽ ജൂനിയേഴ്‌സിനെ ഏൽപ്പിച്ചിരുന്നു. കേസ് വിളിച്ചപ്പോൾ ജൂനിയർ വാദിക്കാൻ തയ്യാറായപ്പോഴാണ് സീനിയറിനെക്കുറിച്ച് വാസ്തവവിരുദ്ധമായി പറഞ്ഞത്. അതിജീവിത ഫയൽ ചെയ്തതാണോ കേസെന്ന് പരിശോധിക്കാതെയാണ് ജഡ്‌ജിയുടെ പരാമർശമെന്നും മിനി പറഞ്ഞു.