ചേലോട് എസ്റ്റേറ്റിൽ പുള്ളിപ്പുലി കുടുങ്ങി

Wednesday 14 January 2026 1:20 AM IST

ചുണ്ടേൽ: ചേലോട് എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങി.പുൽകുന്നിലെ തേയിലതോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് ആറ് വയസ്സ് കണക്കാക്കുന്ന ആൺപുലി കുടുങ്ങിയത്.പുലിയെ കുപ്പാടിയിലെ വനംവകുപ്പിന്റെ ഹോസ്‌പൈയ്സിലേക്ക് മാറ്റി. പുലിക്ക് പരിക്കുകളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലായെന്ന് വനംവകുപ്പിന്റെ വെറ്റിനറി സർജൻ ഡോ.അനുമോദ് പറഞ്ഞു.

ഏതാനും ആഴ്ചകളായി ജനവാസമേഖലയിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കൂട് സ്ഥാപിച്ച്.മൂന്നാം ദിവസമാണ് പുലി കുടുങ്ങിയത്.രാവിലെ കൂട് പരിശോധിക്കാൻ എത്തിയ വനം വാച്ചറാണ് പുലി കൂട്ടിൽ അകപ്പെട്ടതായി ആദ്യം കാണുന്നത്.ഉടൻ പുലിയുടെ കൂട് സഹിതം ട്രാക്ടറിലേക്ക് കയറ്റി. കൽപ്പറ്റ റെയിഞ്ച് ഓഫീസർ ഹാഷിഫ്,മേപ്പാടി റെയിഞ്ച് ഓഫീസ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് പുലിയെ കുപ്പാടിയിലേക്ക് മാറ്റിയത്.പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം കൂടി സംശയിക്കുന്നതിനാൽ ജനകീയ കമ്മിറ്റി രൂപീകരിച്ചായിരുന്നു നടപടികൾ.