കൊല്ലത്ത് തീവ്രതയില്ലാത്ത പക്ഷിപ്പനി, എച്ച് 9 എൻ 2 വൈറസ്
കൊല്ലം: സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ഫാമുകളിൽ നടത്തിയ പരിശോധനയിൽ തീവ്രത തീരെ കുറഞ്ഞ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിലാണ് എച്ച് 9 എൻ 2 വൈറസ് സ്ഥിരീകരിച്ചത്. നേരത്തെ ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിർണയ ലാബിൽ നടത്തിയ പരിശോധനയിൽ തീവ്രതയോ വ്യാപനമോ ഇല്ലാത്ത വൈറസ് ബാധയാണെന്ന് കണ്ടെത്തി. ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നതല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി. എച്ച് 5 എൻ 1 വൈറസാണ് തീവ്രതയും വ്യാപനവും ഏറിയ പക്ഷിപ്പനി പകർത്തുന്നത്
കഴിഞ്ഞ 2 ന് 8 കോഴികൾ ഫാമിൽ ചത്തു. തുടർന്നുള്ള ദിവസങ്ങളിലും കോഴികൾ ചത്തതോടെയാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ വിദഗ്ദ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചത്. 9318 ഓളം മുട്ടക്കോഴികൾ ഫാമിലുണ്ടായിരുന്നു. ഹസർഗട്ടയിൽ നിന്ന് ഒരു വർഷം മുമ്പ് എത്തിച്ച കാവേരി ഇനം മുട്ടക്കോഴികളിലാണ് രോഗം കണ്ടു തുടങ്ങിയത്. ഇന്നലെവരെ 1283 കോഴികൾ ഫാമിൽ ചത്തു.
പോസ്റ്റ്മോട്ടം ആരംഭിച്ചു
തോട്ടത്തറ ഫാമിലെ കോഴികളുടെ മരണനിരക്ക് ഇന്നലെ മുതൽ കുറഞ്ഞു തുടങ്ങിയെങ്കിലും. പക്ഷിപ്പനിയ്ക്കെതിരെയുള്ള നടപടികൾ സംസ്ഥാന തലത്തിൽ തീരുമാനിക്കും. തീവ്രത കുറഞ്ഞ വൈറസ് ബാധയാണ് രോഗകാരണമെങ്കിലും മരണകാരണം മറ്റെന്തെങ്കിലും അണുബാധയാണോ എന്നറിയാൻ കഴിഞ്ഞ ദിവസങ്ങളിൽ ചത്ത കോഴികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഡിസീസിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്
16 പഞ്ചായത്തുകളിൽ നിരീക്ഷണം രോഗത്തിന്റെ പ്രഭവകേന്ദ്രമായ ആയൂർ തോട്ടത്തറ ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്ത് കൂടാതെ ഇട്ടിവ, ഇടമുളയ്ക്കൽ , കല്ലുവാതുക്കൽ, ഉമ്മന്നൂർ, കടയ്ക്കൽ, വെളിയം, വെളിനല്ലൂർ, വെട്ടിക്കവല, ചടയമംഗലം, നിലമേൽ പൂയപ്പള്ളി, അഞ്ചൽ, അലയമൺ, തിരുവനന്തപുരം ജില്ലാ അതിർത്തിയായ മടവൂർ, പള്ളിക്കൽ എന്നിവിടങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തും.
മൃഗസംരക്ഷണ വകുപ്പിന്റേതായി ജില്ലയിലെ കുരിപ്പുഴ ടർക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിൽ കനത്ത ജൈവസുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തും
ഡോ.ഡി.ഷൈൻകുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ