ബി​.ജെ.പി​ വനി​താ നേതാവി​നെതി​രെ നടപടി​

Wednesday 14 January 2026 1:21 AM IST

കൊട്ടാരക്കര: ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പള്ളിക്കൽ രാധാമണിയെ ചുമതലകളിൽ നിന്ന് പാർട്ടി​ നീക്കം ചെയ്തു. പാർട്ടിയുടെയും പോഷക സംഘടന ചുമതലകളിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അറിയിച്ചു. പള്ളിക്കൽ ഏലാപ്പുറം കാവിൽ അക്രമം കാട്ടി വിഗ്രഹം അപഹരിച്ച സംഭവത്തിൽ പള്ളിക്കൽ രാധാമണിയുടെ ഭർത്താവ് ബി.രഘുവിനെ (49) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് സഹായം ചെയ്തു കൊടുത്തതടക്കമുള്ള വിഷയങ്ങളിലാണ് നടപടി​.

ഡിസംബർ 21ന് രാത്രിയിലാണ് രഘു ക്ഷേത്രത്തിന് നേർക്ക് ആക്രമണം നടത്തിയത്. നാഗദൈവ വിഗ്രഹങ്ങൾ ആയുധം ഉപയോഗിച്ച് ഇളക്കി മറിച്ചിടുകയും കൽവിളക്കുകൾ തകർക്കുകയും ചെയ്തു. ക്ഷേത്ര ഭരണസമിതി ഓഫീസിലെ മേശയും മറ്റ് ഉപകരണങ്ങളും അടിച്ച് നശിപ്പിച്ചു. ഉപദേവാലയത്തിന്റെ നി‌ർമ്മാണ ജോലികൾ നടന്നുവരുന്നതിനാൽ പുറത്തെ ശിവലിംഗ പ്രതിഷ്ഠ ഇവിടെ നിന്ന് ഇളക്കി കൊണ്ടുപോയി. വിഗ്രഹം പിന്നീട് സമീപത്തെ വീടി​ന്റെ കിണറ്റിൽ നിന്ന് കണ്ടെടുത്തു.