'കേരളം"മതി: മോദിയ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ
Wednesday 14 January 2026 1:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് 'കേരള"യ്ക്ക് പകരം 'കേരളം" എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ 2024 ജൂണിൽ പ്രമേയം പാസാക്കിയതാണ്. പ്രമേയത്തിന് ബി.ജെ.പിയുടെ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുമുണ്ട്. 1,000 വർഷത്തെ പാരമ്പര്യവും പൈതൃകവും സംസ്കാരവും ഉൾക്കൊള്ളുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ പാരമ്പര്യവും ഭാഷാ സംസ്കാരവും സംരക്ഷിക്കുന്ന നയമാണ് ബി.ജെ.പി സ്വീകരിച്ചിട്ടുള്ളത്. അതിനിടയിൽ സംസ്ഥാനത്തെ വിഭജിച്ച് മതത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ജില്ലകൾ വേണമെന്ന ആവശ്യമുയർത്തുന്ന തീവ്രവാദ ശക്തികളുടെ ശ്രമങ്ങളെ തടയിടാനും ഇതുവഴി സഹായിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.