കെട്ടിട നമ്പരിന് കൈക്കൂലി: പഞ്ചായത്ത് ക്ലാർക്കിന് 9വർഷം തടവ്

Wednesday 14 January 2026 1:25 AM IST

തിരുവനന്തപുരം: കെട്ടിട നമ്പർ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ക്ലാർക്കിന് 9 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിലെ മുൻ ക്ലാർക്കും, ഇപ്പോൾ കള്ളിക്കാട് പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലാർക്കുമായ നെടുമങ്ങാട് സ്വദേശി ശിവകുമാറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. കൊല്ലം പരവൂർ സ്വദേശിയായ പരാതിക്കാരന്റെ അമ്മയുടെ പേരിൽ കോവളത്തുണ്ടായിരുന്ന വസ്തുവിലെ കെട്ടിടത്തിന് നമ്പർ നൽകുന്നതിനായിരുന്നു 2000 രൂപ കൈക്കൂലി വാങ്ങിയത്. 2013ലാണ് സംഭവം. 10,000 രൂപ കൈക്കൂലി വാങ്ങിയ വെങ്ങാനൂർ പഞ്ചായത്ത് മുൻ സെക്രട്ടറിയും പ്രതിയായിരുന്നെങ്കിലും അന്വേഷണ വേളയിൽ മരിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ.മനോജിന്റേതാണ് ഉത്തരവ്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. തിരുവനന്തപുരം വിജിലൻസ് സതേൺ റേഞ്ച് മുൻ ഡിവൈ.എസ്.പി ആർ. സുകേശനും വിജിലൻസ് സതേൺ റേഞ്ച് സൂപ്രണ്ട് ആർ.ജയശങ്കറുമാണ് കേസിൽ അന്വേഷണം നടത്തിയത്.