ഭാരതപ്പുഴ കൈയേറിയെന്ന്, കുംഭമേളാ ഒരുക്കം തടഞ്ഞു

Wednesday 14 January 2026 1:27 AM IST

തൃശൂർ: തിരുനാവായയിൽ നടക്കുന്ന കുംഭമേളയായ മഹാമാഘ മഹോത്സവത്തിനായി ഭാരതപ്പുഴ കൈയേറിയെന്ന് ആരോപിച്ച് ഒരുക്കങ്ങൾ തടഞ്ഞ് റവന്യു വകുപ്പ്. ഭാരതപ്പുഴ കൈയേറി അനുമതിയില്ലാതെ പാലം നിർമ്മിക്കുന്നതും ജെ.സി.ബി ഇറക്കി പുഴ നിരപ്പാക്കി നിർമാണം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടെന്ന് കാട്ടി സ്റ്റോപ്പ് മെമ്മോ നൽകി. ഈ മാസം 18 മുതൽ ഫെബ്രുവരി മൂന്ന് വരെയാണ് കുംഭമേള. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് പൊലീസും റവന്യു ഉദ്യോഗസ്ഥരുമെത്തി ഉത്സവനടപടികൾ തടഞ്ഞതെന്ന് സംഘാടകർ ആരോപിച്ചു.

പരിപാടികൾക്കായി അനുമതി ചോദിച്ചിരുന്നുവെന്നും തുടർന്നാണ് ഒരുക്കം തുടങ്ങിയതെന്നും സംഘാടകർ പറയുന്നു. ജൂന അഖാഡയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകർ. ആര് തടസപ്പെടുത്തിയാലും തിരുനാവായ നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് മഹാമാഘ മഹോത്സവം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.