തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുടിശ്ശിക 41.41 കോടി

Wednesday 14 January 2026 2:21 AM IST

മലപ്പുറം: സാധാരണക്കാരുടെ സാമ്പത്തിക പ്രയാസത്തിന് പരിഹാരമായി ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് ജില്ലയിൽ കുടിശ്ശിക 41.41 കോടി രൂപ. വേതനം ലഭിച്ചിട്ട് മൂന്ന് മാസത്തിലധികമായി. 2025 ഒക്ടോബർ 10ന് ശേഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ടില്ല. ജില്ലയിൽ 1.7 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളാണുള്ളത്. ജോലിയ്‌ക്കെത്തി മസ്റ്റർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്താൽ നേരത്തെ 15 ദിവസത്തിനകം വേതനം ലഭിക്കാറുണ്ടായിരുന്നു.

തൊഴിലുറപ്പിനെ ആശ്രയിച്ച് മാത്രം കഴിയുന്ന നിരവധി കുടുംബങ്ങളാണ് ജില്ലയിലുള്ളത്. വേതനം കൃത്യമായി ലഭിക്കാത്തതിനാൽ ഇവരെല്ലാം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഒരു ദിവസത്തെ വേതനം 346 രൂപയിൽ നിന്നും 369 രൂപയാക്കിയത് കഴിഞ്ഞ വർഷം ഏപ്രിലിലാണ്. 2025-2026 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ 30.97 ലക്ഷം തൊഴിൽ ദിനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. 6,569 പേരാണ് 2025-2026ൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചത്. 2024-25ൽ 35.81 തൊഴിൽ ദിനങ്ങളുണ്ടായിരുന്നു. 2023-24ൽ 63 ലക്ഷം, 2022-23ൽ 57.8 ലക്ഷം, 2021-22ൽ 62 ലക്ഷം, 2021-21ൽ 62 ലക്ഷം എന്നിങ്ങനെയായിരുന്നു തൊഴിൽ ദിനങ്ങൾ.

അരീക്കോട്- 17260, കാളികാവ്-19770, കൊണ്ടോട്ടി-13252, കുറ്റിപ്പുറം-6894, മലപ്പുറം-6406, മങ്കട-5433, നിലമ്പൂർ-26454, പെരിന്തൽമണ്ണ-12790, പെരുമ്പടപ്പ്-6486, പൊന്നാനി-7386, താനൂർ-7325, തിരൂർ-10737, തിരൂരങ്ങാടി-5836, വേങ്ങര 5411, വണ്ടൂർ -18,937 എന്നിങ്ങനെയാണ് ജില്ലയിലെ ബ്ലോക്കുകളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണം.

കൃത്യമായി കൂലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലുറപ്പിന് പോകുന്നത്. എന്നാൽ, പലപ്പോഴും നിരാശയാണ് ഫലം. ശാരീരികമായി ബുദ്ധിമുട്ടുകൾ ഒരുപാടുണ്ടെങ്കിലും തൊഴിലുറപ്പിന് പോകുന്നുണ്ട്. ദൈനംദിന ചെലവുകൾക്ക് പോലും പ്രയാസപ്പെടുകയാണ്. കെ.പി.ലളിത, തൊഴിലുറപ്പ് തൊഴിലാളി (അരീക്കോട് ബ്ലോക്ക്)

ആകെ കുടിശ്ശിക- 41.41 കോടി ആകെ തൊഴിലാളികൾ- 1.7 ലക്ഷം

ഒരു ദിവസത്തെ വേതനം - 369