കുടിശ്ശിക കുന്നുകൂടി: കരാറുകാർ മെല്ലെപ്പോക്കിൽ ജൽ ജീവൻ പദ്ധതി നിർമ്മാണം മുടങ്ങി

Wednesday 14 January 2026 2:22 AM IST

കാളികാവ്: കുടിശ്ശിക കുന്നുകൂടിയതിനെ തുടർന്ന് കരാറുകാർ പിൻമാറിയതോടെ ജൽജീവൻ പദ്ധതി നിർമ്മാണം മുടങ്ങി. കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തിൽ നിർമ്മാണം നിറുത്തി വച്ചതായി കരാറുകാർ തദ്ദേശ സ്ഥാപനങ്ങൾക്ക് കത്തു നൽകി. ഗ്രാമീണ മേഖലയിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനായി കേന്ദ്ര ഗവ. ആവിഷ്‌കരിച്ച ജൽ ജീവൻ പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്.കരാറുകാർക്ക് ഭീമമായ തുക കുടിശ്ശിക ലഭിക്കാനുള്ളതാണ് കാരണം. 2019 ൽ തുടങ്ങിയ ജൽ ജീവൻ പദ്ധതിയിൽ കേരളം ചേരുന്നത് 2021ലാണ്. സംസ്ഥാനത്ത് 797512 വീടുകളിൽ വെള്ളമെത്തിക്കുന്നതാണ് പദ്ധതി.പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 35 ശതമാനം നിർമ്മാണം പൂർത്തിയായതായാണ് കരാറുകാർ പറയുന്നത്.ഈ വകയിൽ തന്നെ 3306 കോടി കുടിശ്ശിക ഉള്ളതായാണ് കണക്ക്. മലയോര മേഖലയിലെ മൂത്തേടം,കരുളായി,അമരമ്പലം,ചോക്കാട് എന്നീ നാലു പഞ്ചായത്തുകളിലായി 255.48 കോടിയുടെ നിർമ്മാണമാണ് നടക്കുന്നത്. ഇതിൽ 10 കോടി ചെലവിൽ ചോക്കാട് പഞ്ചായത്തിൽ നിർമ്മിക്കുന്ന ജല സംഭരണിയുടെ നിർമ്മാണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്ത് ജൽ ജീവൻ 2024 ൽപൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. അവധി നീട്ടി ചോദിച്ചതിനെ തുടർന്ന് 2028 വരെ സമയം നീട്ടിയതായി കരാറുകാർ പറയുന്നു.

സംസ്ഥാനത്ത് 104 വില്ലേജുകളിലായി 59770 കിലോമീറ്റർ പൈപ്പ്‌ലൈനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുവരെയുള്ള കേന്ദ്ര ഫണ്ടിന്റെ തുല്യം ഫണ്ട് സംസ്ഥാന വിഹിതം അനുവദിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.