ശബരിമലയിൽ ഇന്ന് മകരവിളക്ക്; ഒന്നരലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തും, നിയന്ത്രണം
പത്തനംതിട്ട: ശബരിമലയിൽ മകരവിളക് മഹോത്സവത്തോടനുബന്ധിച്ച ശുദ്ധിക്രിയകൾ സന്നിധാനത്ത് പൂർത്തിയായി. ഇന്ന് വൈകിട്ട് 2.45ന് നടതുറന്ന് 3.08നാണ് മകര സംക്രമപൂജ.സന്നിധാനത്ത് വലിയരീതിയിലുള്ള തീർത്ഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്ക് സ്‌പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം.
ഒന്നരലക്ഷത്തോളം പേരെങ്കിലും മകരവിളക്ക് ദർശനത്തിനെത്തുമെന്നാണ് കണക്ക്. ഇന്ന് രാവിലെ 10മുതൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും 11മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും ഭക്തരെ കടത്തിവിടില്ല. മുൻകൂട്ടി പാസ് നൽകിയവർക്ക് മാത്രമാണ് പ്രവേശനം. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്കുശേഷമേ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ.
തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. 6.15ന് കൊടിമരച്ചുവട്ടിൽ സ്വീകരിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. 6.30ന് നടയടച്ച് തിരുവാഭരണം ചാർത്തി ദീപാരാധന. നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയും.
17വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 18 വരെയുണ്ടാകും. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതി. 19ന് രാത്രി നടയടയ്ക്കും വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. പന്തളം രാജപ്രതിനിധി ദർശനം നടത്തിയശേഷം നടയടയ്ക്കും.