ഹോട്ടൽമുറി കണ്ടു, യുവതിയോടൊപ്പം ഒരുമണിക്കൂർ ചെലവിട്ടതും സമ്മതിച്ചു; പുറത്തിറങ്ങിയപ്പോൾ രാഹുലിന്റെ ചിരിമാഞ്ഞു
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുത്തു. 15 മിനിട്ടുകൊണ്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ബലാത്സംഗം നടന്നുവെന്ന് പരാതിയിൽ പറയുന്ന 408ാം നമ്പർ മുറിയിലായിരുന്നു തെളിവെടുപ്പ്. ഹോട്ടലിലെ രജിസ്റ്ററിൽ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഹോട്ടലും മുറിയും രാഹുൽ തിരിച്ചറിഞ്ഞിട്ടുണ്ട്. 2024 ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് മുറിയിൽ എത്തിയതെന്നും അവിടെ യുവതിയോടൊപ്പം ഒരുമണിക്കൂറോളം ചെലവഴിച്ചെന്നും സമ്മതിച്ചിട്ടുണ്ട്. എന്നാൽ പീഡനത്തെക്കുറിച്ച് പൊലീസ് ആവർത്തിച്ച് ചോദിച്ചെങ്കിലും രാഹുൽ കൂടുതൽ ഒന്നും മിണ്ടിയില്ല.
സംഭവദിവസം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേര് അതിജീവിതയുടേതാണ്. രാഹുൽ ബി ആർ എന്നയാളാണ് ഒപ്പമുണ്ടായിരുന്നത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർത്ഥ പേര്. എന്നാൽ സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. 21 മാസങ്ങൾ കഴിഞ്ഞതിനാൽ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ല. ഇത് വീണ്ടെടുക്കാൻ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നുരാവിലെ 5.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് തിരുവല്ലയിലെ ഹോട്ടലിലേക്ക് കൊണ്ടുപോയത്. പ്രതിഷേധം ഉണ്ടാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇവിടെ കാര്യമായ പ്രതിഷേധങ്ങൾ ഒന്നും ഉണ്ടായില്ല. പതിവുപോലെ പുഞ്ചിരിയോടെയാണ് രാഹുൽ പൊലീസ് വാഹനത്തിൽ നിന്നിറങ്ങിയത്. എന്നാൽ ഹോട്ടലിൽ നിന്ന് മടങ്ങുമ്പോൾ ചിരി മാഞ്ഞിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ഒന്നും മിണ്ടിയില്ല.
പാലക്കാടും, പത്തനംതിട്ട അടൂരിലെ വീട്ടിലും തെളിവെടുപ്പിന് എത്തിക്കും എന്ന് റിപ്പോർട്ടുണ്ട്. പാലക്കാട്ടേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. കഴിഞ്ഞദിവസം മൊബൈൽഫോൺ പൊലീസ് പിടിച്ചെടുത്തെങ്കിലും അതിന്റെ പാസ്‌വേഡ് നൽകാൻ രാഹുൽ തയ്യാറായില്ല. ലാപ്‌ടോപ്പ് എവിടെയുണ്ടെന്ന വിവരവും നൽകിയിട്ടില്ല. മൊബൈലിൽ തനിക്കനുകൂലമായ തെളിവുകൾ ഉണ്ടെന്നാണ് രാഹുൽ പറയുന്നത്. മൊബൈൽഫോൺ തുറന്ന് പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.