അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; യുവതിക്കെതിരെ പരാതി നൽകി ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ മൂന്നാമത്തെ യുവതിക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. യുവതി വ്യാജ ഉള്ളടക്കത്തോടെ തനിക്കെതിരെ പരാതി നൽകിയെന്ന് ആരോപിച്ചാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
നേരത്തേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് അതിജീവിത ശ്രീനാദേവിക്കെതിരെ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് അതിജീവിതയ്‌ക്കെതിരെ ശ്രീനാദേവിയും പരാതി നൽകിയത്.
ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ശ്രീനാദേവി രംഗത്തെത്തിയിരുന്നു. പീഡന പരാതികളിൽ അവനൊപ്പമാണെന്നും പ്രതിസന്ധികൾ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നുമാണ് ഫേസ്‌ബുക്ക് ലൈവിൽ ശ്രീനാദേവി പറഞ്ഞത്. രാഹുൽ കുറ്റക്കാരനാണെന്ന് കോടതി പറയണം. അതുവരെ കുറ്റക്കാരനാണെന്ന് നമുക്ക് വിധിയെഴുതാനാകില്ല. നിയമസഭാ സമാജികൻ എന്ന നിലയിൽ ഇത് പ്രാധാന്യം കൊടുക്കേണ്ട വാർത്തയാണ്. പക്ഷേ, പ്രാധാന്യം കൊടുക്കുമ്പോൾ ഇത്രയധികം ഇല്ലാക്കഥകൾ മെനയുന്നില്ലെന്ന് റിപ്പോർട്ടർമാർ ശ്രദ്ധിക്കണമെന്നും ശ്രീനാദേവി പറഞ്ഞു.
താൻ അതിജീവിതയ്‌ക്കൊപ്പമാണെങ്കിലും വിവാഹിതയായ സ്‌ത്രീയാണ് അവസാനത്തെ കേസിലും പരാതിക്കാരി. അങ്ങനെയൊരു വിവാഹബന്ധത്തിൽ നിൽക്കുമ്പോൾ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ കഴിയാതെ വരുമ്പോൾ അവർ ഉയർത്തിയ ആക്ഷേപങ്ങൾ പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ശ്രീനാദേവി ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞിരുന്നു.
മുമ്പ് സിപിഐയിലായിരിക്കെ രാഹുലിനെതിരെ ആരോപണം ഉയർന്ന ഘട്ടത്തിലും ശ്രീനാദേവി കുഞ്ഞമ്മ വിവാദമായ പ്രതികരണം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്‌ടിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ശ്രീനാദേവി അന്ന് പറഞ്ഞത്.