'സർക്കാർ ഒരു ചുക്കും ചെയ്തിട്ടില്ല, സിനിമാ മേഖലയെ കണ്ടത് കറവപ്പശുവായി'; രൂക്ഷ വിമർശനവുമായി ജി സുരേഷ് കുമാർ
കൊച്ചി: കഴിഞ്ഞ പത്തുവർഷമായി സർക്കാർ സിനിമാ മേഖലയ്ക്കുവേണ്ടി ഒരു ചുക്കും ചെയ്തിട്ടില്ലെന്ന ആക്ഷേപവുമായി നിർമാതാവ് ജി സുരേഷ് കുമാർ. സിനിമാ മേഖലയെ സർക്കാർ കറവപ്പശുവായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സംഘടനാ പ്രതിനിധികളുടെ വാർത്താസമ്മേളനത്തിലാണ് സുരേഷ് കുമാർ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
'വിനോദ നികുതിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി. ഇടയ്ക്ക് നിർത്തലാക്കിയിട്ട് വീണ്ടും കൊണ്ടുവന്നു. കിട്ടുന്നതെല്ലാം അങ്ങോട്ട് എടുക്കുന്നു. തിരിച്ചൊന്നും തരുന്നില്ല. ഓരോ സംസ്ഥാനങ്ങളും കോടിക്കണക്കിന് രൂപയാണ് സബ്‌സിഡി നൽകുന്നത്. ഇവിടെ തരുന്ന അഞ്ചുലക്ഷം രൂപ മൂക്കിൽപ്പൊടി വാങ്ങിക്കാൻ തികയില്ല. എന്തൊരു കഷ്ടമാണെന്ന് ആലോചിച്ചു നോക്കൂ. സിനിമാ ഇൻഡസ്ട്രിക്കുവേണ്ടി കഴിഞ്ഞ പത്തുകൊല്ലം സർക്കാർ ഒരു ചുക്കും ചെയ്തിട്ടില്ല. കോൺക്ലേവ് നടത്തി. എന്തൊക്കെയോ സംഭവിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു. വെറും കണ്ണിൽപ്പൊടിയിടുന്നതല്ലാതെ വേറൊന്നും നടന്നിട്ടില്ല'- അദ്ദേഹം കുറ്റപ്പെടുത്തി.
ഫിലിം ചേംമ്പർ പ്രസിഡന്റ് അനിൽ തോമസും വാർത്താ സമ്മേളനത്തിൽ സർക്കാരിനെ വിമർശിച്ചു. ആടിനെ പ്ലാവില കാണിച്ചുകൊണ്ടുപോവുന്നതുപോലെ സിനിമാ മേഖലയെ സർക്കാർ മൊത്തം കബളിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ നികുതി ചുമത്തപ്പെടുന്ന വ്യവസായ മേഖലയാണിതെന്നും ബജറ്റിൽ പോലും തങ്ങളെ പരിഗണിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിനിമാ സംഘടനകൾ ജനുവരി 21ന് സൂചനാ സമരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. താരസംഘടനയായ അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഫിലിം ചേംബർ എന്നിവർ സംയുക്തമായാണ് സമരം നടത്തുന്നത്. ഷൂട്ടിങ്ങുകൾ നിർത്തിവയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയുംചെയ്യും. നിർമാതാക്കളുടെ സംഘടനാ പ്രസിഡന്റ് ബി. രാകേഷ്, അമ്മ ജനറൽ സെക്രട്ടറിയും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സണുമായ കുക്കു പരമേശ്വരൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.