രോഗിയുടെ ശരീരത്തിലേക്ക് മേൽക്കൂര പാളി വീണു; സംഭവം കൊല്ലത്തെ ജില്ലാ ആശുപത്രിയിൽ
കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞുകിടന്ന രോഗിയുടെ ശരീരത്തിലേക്ക് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണു.ശൂരനാട് കാഞ്ഞിരംവിള സ്വദേശി ശ്യാമിന്റെ (39) ശരീരത്തിലാണ് പാളി വീണത്. ഒന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്ന് രോഗികളെ കിടത്തുന്ന വാർഡിലെ മേൽക്കൂരയുടെ പാളിയാണ് വീണത്.
ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ബെെക്കപകടത്തിൽ കാലിന് പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം വെെകീട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക് മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവേയാണ് പാളി അടർന്ന് വീണത്. ഒരു വശത്തേക്ക് മാറിക്കിടന്നതിനാൽ അവശിഷ്ടങ്ങൾ മുഖത്ത് വീഴാതെയും പരിക്കേൽക്കാതെയും രക്ഷപ്പെട്ടു.
അടുത്ത കിടക്കയിലും പാളി വീണു. ആശുപത്രി ജീവനക്കാരെത്തിയാണ് പാളികൾ നീക്കം ചെയ്തത്. പിന്നീട് രോഗിയെ മറ്റൊരു കട്ടിലിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിലർമാരടക്കമുള്ളവർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.