'കലയാണ് കലാകാരന്മാരുടെ മതം'; 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

Wednesday 14 January 2026 11:53 AM IST

തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ആർ ബിന്ദു, കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി, സർവംമായ എന്ന ചിത്രത്തിലെ നായിക റിയ ഷിബു ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ വേദിയിലുണ്ടായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ എസ്‌ കെ ഉമേഷ് പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

ഉദ്‌ഘാടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ചരിത്രത്തെക്കുറിച്ച് ഓർമപ്പെടുത്തി. ആദ്യസംസ്ഥാന കലോത്സവം വെറും ഒരു ദിവസമായിരുന്നുവെന്നും അന്ന് 200 വിദ്യാർത്ഥികളാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. 'കലോത്സവത്തിന് വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്. ഇന്ന് പതിനാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. പരാതികൾക്കൊന്നും ഇടനൽകാതെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കലോത്സവം നടക്കുന്നത്. ഇത്തവണയും അങ്ങനെതന്നെയാകാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആനന്ദം സൃഷ്‌ടിക്കുന്നവരാണ് കലാകാരന്മാർ. സാമൂഹ്യവ്യവസ്ഥിതി പൊളിച്ചെഴുതുന്നതിൽ കല വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. പണ്ട് സമ്മാനങ്ങൾക്ക് വേണ്ടിയല്ല, ഉള്ളിലെ കഴിവ് അവ‌ർ പോലുമറിയാതെ പുറത്തുവരികയായിരുന്നു. അങ്ങനെയാണ് ഗുഹാചിത്രങ്ങളും നാടൻ പാട്ടുകളും ഉണ്ടായത്. പണ്ട് ഓരോ കലയും ഓരോ ജാതിക്കാരുടെ ആയിരുന്നെങ്കിൽ പുതിയ കാലത്ത് എല്ലാം എല്ലാവരുടെയും കലയാണ്. കലയാണ് കലാകാരന്മാരുടെ മതം. ' - പിണറായി വിജയൻ പറഞ്ഞു.

കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരാലിക്കുണ്ടായ അനുഭവങ്ങളും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. സിനിമയിൽ ഏറ്റവുമധികം മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പി ഭാസ്‌കരനും ക്രൈസ്‌തവ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണ്. ക്രിസ്‌മസ് കരോളിനെതിരെ പോലും ആക്രമണം നടക്കുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്ത് കളഞ്ഞു. സിനിമയിലെ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്‌നമായി. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് മുതൽ 18-ാം തീയതി വരെയാണ് കലോത്സവം. 25 വേദികളിലായാണ് മത്സരം. വിവിധ പൂക്കളുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്. ഇതിൽ താമരയുടെ പേര് ഒഴിവാക്കിയത് നേരത്തേ വിവാദമായിരുന്നു. രാഷ്‌ട്രീയമാണെന്ന ആരോപണമാണ് ഉയർന്നത്. ഇതോടെ വേദി 15ന് താമര എന്ന് പേരിട്ടു. മന്ത്രി വി ശിവൻകുട്ടിയാണ് പേര് മാറ്റിയ കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.