'മറ്റേ മോനേ... കേരളത്തിൽ എയിംസ് വരും', പൊതുവേദിയിൽ സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശം
കൊച്ചി: പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച 'വികസിത തൃപ്പൂണിത്തുറയ്ക്കായി' യാേഗം ഉദ്ഘാടനം ചെയ്യവെ, എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശപ്പെട്ടുകൊണ്ട് ആരുടെയും പേരുപറയാതെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമർശം നടത്തിയത്. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ.. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'പുച്ഛം കാണും. കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കും. അത് അവരുടെ ഡിഎൻഎയാണ്. അതവർ ചെയ്തുകൊണ്ടിരിക്കട്ടേ. പിഒഎസ് മെഷീനെക്കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാർക്കറ്റിൽ വരെ ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്നും അരുൺ ജെയ്‌റ്റ്‌ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ദ്ധൻ, സുപ്രീംകോടതിയിലെ വലിയ വക്കീൽ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേ?. പിന്നേ ഉരുളക്കിഴങ്ങും തക്കാളിയുമൊക്കെ വിൽക്കുന്നവർ ഉടൻതന്നെ പിഒഎസ് ഒക്കെവച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാർജ് ചെയ്യാൻ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്.
ഇന്ന് രാജ്യം എന്താണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരുസംഘം വന്നപ്പോൾ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾ എന്താണ് പറഞ്ഞത്. വീ ഡോണ്ട് ടേക്ക് കറൻസി... എന്നിടത്ത് എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നുമാത്രമേ എനിക്ക് പറയാൻ പറ്റൂ. തീർച്ചയായും കേരളത്തിലെ ഒരു ജില്ലയിൽ എയിംസ് വരും. അത് വരും എന്നുപറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ. നിലവിൽ രണ്ടുജില്ലകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ എയിംസ് ചർച്ചകൾ നടക്കുന്നത്. എന്നാൽ വികസന കാര്യത്തിൽ അവഗണിക്കപ്പെട്ടുകിടക്കുന്ന ജില്ല എന്നനിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആലപ്പുഴയിലല്ലെങ്കിൽ തൃശൂരിന് എയിംസ് നൽകുന്നതാണ് നീതി- സുരേഷ് ഗോപി പറഞ്ഞു.