ലോകത്ത് ഇതാദ്യം; പല്ലിക്കൊരു കുർത്ത, വില 20 രൂപ! ഇന്ത്യക്കാരന്റെ ബിസിനസ് ഐഡിയ

Wednesday 14 January 2026 2:48 PM IST

സോഷ്യൽ മീഡിയയിൽ ദിനംപ്രതി കൗതുകകരമായ നിരവധി വീഡിയോകൾ നമ്മൾ കാണാറുണ്ട്. പലതും കാണുമ്പോൾ അമ്പരപ്പും അതിശയവും തോന്നിയേക്കാം. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പല്ലിക്ക് കുർത്തി അണിയിച്ച് കൊടുക്കുന്നതാണ് ആ വീഡിയോ. നമ്മുടെ വീട്ടിലും പരിസരത്തുമെല്ലാം കാണുന്ന പല്ലിയെ തന്നെയാണ് ഉദ്ദേശിച്ചത്. ലോകത്ത് ആദ്യമായി പല്ലിക്ക് കുർത്തി തയ്‌ച്ചുകൊടുത്തത് ഒരു ഇന്ത്യക്കാരനാണ്. തന്റെ വ്യത്യസ്‌തമായ ഈ ആശയം ഒരു വരുമാനമാർഗം ആക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഈ വീഡിയോ എഐ ഉപയോഗിച്ച് നി‌ർമിച്ചതാണെന്നാണ് പലരുടെയും വാദം.

ഷോക്ക് പിക്‌സൽ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഗന്ധർവ് എന്ന യുവാവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'നോക്കൂ സുഹൃത്തുക്കളേ, ഇത് ഞാൻ തന്നെ ഉണ്ടാക്കിയ വസ്‌ത്രമാണ്. മനുഷ്യർക്ക് ആയിരക്കണക്കിന് ഡിസൈനുകൾ ലഭ്യമാണ്. പിന്നെന്തുകൊണ്ട് പല്ലികൾക്ക് ആയിക്കൂടാ? നോക്കൂ, ഇത് ഇന്ത്യയിലെ ആദ്യത്തെ പല്ലികൾക്കുള്ള വസ്‌ത്രമാണ്. ഇതിന് വെറും 20 രൂപയാണ് വില. ഇത് കാണാൻ ഭംഗിയില്ലേ?' - ഗന്ധർവ് വീഡിയോയിലൂടെ ചോദിച്ചു. വീഡിയോയിൽ താൻ കൈകൊണ്ട് നിർമിച്ച പല്ലിക്കുള്ള വസ്‌ത്രം അദ്ദേഹം കാണിക്കുന്നുമുണ്ട്. പിന്നാലെ ഒരു പല്ലി ഈ വസ്‌ത്രം ധരിച്ച് ചുവരിലൂടെ നീങ്ങുന്നതും കാണാം.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് രസകരമായ കമന്റുകളിട്ടിരിക്കുന്നത്. 'പല്ലി സാറിന് ഇനി എന്ത് വേണം' എന്നാണ് ഒരാൾ ചോദിച്ചത്. 'പല്ലി വസ്‌ത്രം നേപ്പാളിലേക്ക് അയച്ച് തരാമോയോ', 'എന്റെ കുഞ്ഞനുജത്തിക്ക് സമ്മാനമായി നൽകാനാണ്', 'പല്ലിയെ വസ്‌ത്രം ധരിപ്പിക്കുന്നതിന്റെ ഒരു ടൂട്ടോറിയൽ വീഡിയോ ഇടാമോ?' തുടങ്ങിയ രസകരമായ കമന്റുകൾ കാണാം. 1,88,00,000പേരാണ് ഇതുവരെ വീഡിയോ കണ്ടത്. നാലര ലക്ഷത്തോളം ലൈക്കുമുണ്ട്.