'മക്കളാരും ബിജെപിയിൽ അംഗത്വമെടുത്തിട്ടില്ല, ഞാൻ നിർബന്ധിച്ചിട്ടുമില്ല'; കാരണം വെളിപ്പെടുത്തി കൃഷ്ണകുമാർ
സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരകുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റേത്, ഇപ്പോഴിതാ കൃഷ്ണകുമാർ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. മക്കളുടെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. തന്റെ ഇളയമകൾ ഹൻസികയ്ക്കുണ്ടായിരുന്ന വലിയ ആരോഗ്യപ്രശ്നത്തെക്കുറിച്ചും കൃഷ്ണകുമാർ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
'എന്റെ വീട്ടിലെ പലകാര്യവും ഞാനറിയുന്നത് മറ്റുള്ളവരിൽ നിന്നാണ്. രാഷ്ട്രീയം, മതം എന്നിവ വ്യക്തിപരമായ കാര്യങ്ങളാണ്. പൊതുവേദികളിൽ ചർച്ച ചെയ്യാതിരിക്കുക. ഞാനൊരു സ്ഥാനാർത്ഥിയാകുമ്പോൾ രാഷ്ട്രീയം പറഞ്ഞേ മതിയാകൂ. ആരെയും ടാർഗറ്റ് ചെയ്യാതിരിക്കുക. എല്ലാവർക്കും രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായിരിക്കണം. ഞാൻ വിശ്വസിക്കുന്ന പാർട്ടി ബിജെപി അയതുകൊണ്ട് എന്റെ മക്കൾക്ക് അതിനോട് താൽപര്യം വരണമെന്നില്ല. ഞാൻ നിർബന്ധിച്ചിട്ടുമില്ല. അവർ ആരും പാർട്ടിയിൽ അംഗത്വമെടുത്തിട്ടുമില്ല.
ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവരുടെ അച്ഛൻ ജയിക്കണമെന്ന് ആഗ്രഹത്തിലാണ് മക്കൾ എന്നോടൊപ്പം വരുന്നത്. അവർക്ക് പാർട്ടിയോട് താൽപര്യമില്ല. പക്ഷെ മറ്റുള്ളവർ അങ്ങനെയല്ല വ്യാഖ്യാനിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. ഞാൻ വർഷങ്ങളായി വട്ടിയൂർക്കാവിൽ താമസിക്കുകയാണ്.എന്റെ പ്രവർത്തന മണ്ഡലം ഇതാണ്. എന്റെ ആഗ്രഹം പാർട്ടിയെ അറിയിക്കും. അവർ തീരുമാനിക്കട്ടെ.
അസമാന്യ സ്വഭാവമുള്ള കുട്ടിയാണ് എന്റെ ഇളയമകൾ ഹൻസിക. അവൾക്ക് ഒന്നര വയസായപ്പോൾ വലിയൊരു ആരോഗ്യപ്രശ്നമുണ്ടായി. കുറച്ചുകാലം അവൾ വേദന അനുഭവിച്ചു. അവൾ ആരോടും പ്രശ്നമുണ്ടാക്കുന്നത് കണ്ടിട്ടില്ല. ഞങ്ങൾ തന്നെ പ്രശ്നമുണ്ടാക്കിയാൽ അത് പരിഹരിക്കാൻ മുൻകൈ എടുക്കുന്നതും അവളാണ്. അങ്ങനെ പ്രശ്നം അവസാനിക്കാറുണ്ട്. പ്രായം കൊണ്ട് ഞങ്ങൾ തമ്മിൽ നല്ല വ്യത്യാസമുണ്ട്. പക്ഷെ അവൾ എനിക്കും മുകളിലാണ് നിൽക്കുന്നത്. ഇതെല്ലാം അനുഗ്രഹമാണ്.
ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാൻ ചാറ്റേഡ് അക്കൗണ്ടന്റുമാരുണ്ട്. സ്ത്രീകൾക്ക് സാമ്പത്തികപരമായ കാര്യങ്ങൾ മാനേജ് ചെയ്യാൻ അസാമാന്യ കഴിവുണ്ട്. വീട്ടിലെ എല്ലാ കാര്യവും നിയന്ത്രിക്കുന്നത് ഭാര്യ സിന്ധുവാണ്. കൃത്യമായി ടാക്സ് അടയ്ക്കുന്നുണ്ട്. നല്ല അച്ചടക്കത്തോടെയാണ് ആ കാര്യങ്ങൾ ചെയ്യുന്നത്. അതിൽ ചില തകരാറ് വന്നതാണ് മകൾ ദിയയുടെ സ്ഥാപനത്തിലെ പ്രശ്നം. സോഷ്യൽ മീഡിയയിൽ നന്നായിട്ട് വീഡിയോ ചെയ്യുന്നത് മൂത്തമകൾ അഹാനയാണ്.അവൾ പഠിച്ചതും അതേ വിഷയമല്ലേ. ഞങ്ങൾക്ക് വീഡിയോ എഡിറ്റ് ചെയ്യാൻ പഠിപ്പിച്ചതും അവൾ തന്നെയാണ്. എല്ലാം കൃത്യമായി പഠിച്ചതിനുശേഷമാണ് അവൾ വീഡിയോ ചെയ്യുന്നത്. ഞാൻ സിനിമാ രംഗത്തുണ്ടായതുകൊണ്ടാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അഹാനയ്ക്ക് ആ കഴിവ് കിട്ടയിത് സിന്ധുവിൽ നിന്നാണ്. എനിക്ക് മുൻപ് സിന്ധുവാണ് സിനിമയിൽ വന്നിരുന്നതെങ്കിൽ അവൾ രക്ഷപ്പെട്ട് പോകുമായിരുന്നു'- കൃഷ്ണകുമാർ പറഞ്ഞു.