'അന്തസുകുറഞ്ഞ ആരോപണങ്ങൾക്ക് കുട്ടികളുടെ മുന്നിൽ മറുപടി പറയുന്നില്ല'; മുഖ്യമന്ത്രിയെ വേദിയിലിരുത്തി സുരേഷ് ഗോപി
തൃശൂർ; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ പരസ്‌പരം പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സുരേഷ് ഗോപി എംപിയും. പ്രസംഗത്തിലുടനീളം ബിജെപിയെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. ഇതിന് സുരേഷ് ഗോപിയും മറുപടി നൽകി.
മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്‌മസ് കരോളിനെതിരായ ആക്രമണങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിനിമയിലെ കഥാപാത്രങ്ങൾക്ക് ജാനകിയെന്ന് പേരിടാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചിട്ടും സംസ്ഥാനം ഒരുകുറവും കുട്ടികൾക്ക് വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു.
തുടർന്ന് സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി വിമർശനങ്ങൾക്ക് നേരിട്ട് മറുപടി നൽകിയില്ല. അന്തസ്സ് കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയാൻ കുട്ടികളുടെ വേദി ഉപയോഗിക്കുന്നില്ലെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.
ഇന്ന് മുതൽ 18-ാം തീയതി വരെയാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. 25 വേദികളിലായാണ് മത്സരം. വിവിധ പൂക്കളുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്. ഇതിൽ താമരയുടെ പേര് ഒഴിവാക്കിയത് നേരത്തേ വിവാദമായിരുന്നു. രാഷ്‌ട്രീയമാണെന്ന ആരോപണമാണ് ഉയർന്നത്. ഇതോടെ വേദി 15ന് താമര എന്ന് പേരിട്ടു. മന്ത്രി വി ശിവൻകുട്ടിയാണ് പേര് മാറ്റിയ കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.