ഭീഷണിയായി കാക്കനാട് ഈസ്റ്റ് കൊച്ചിൻ ഗ്രൗണ്ടിലെ മരവും ഇലക്ട്രിക് പോസ്റ്റും
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ടി.വി സെന്റർ വാർഡ് ഈസ്റ്റ് കൊച്ചിൻ ഗ്രൗണ്ടിൽ അപകടഭീഷണിയുയർത്തുന്ന പാഴ്‌മരവും ഇലക്ട്രിക് പോസ്റ്റുകളും നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രൗണ്ടിന് കുറുകെയുള്ള വൈദ്യുതലൈനിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച സപ്പോർട്ടിംഗ് പോസ്റ്റുകൾ കളിക്കളത്തിലേക്ക് ഇറക്കി സ്ഥാപിച്ചതാണ് കളിക്കാനെത്തുന്ന കുട്ടികൾക്ക് അപകട സാദ്ധ്യതയുണ്ടാക്കുന്നത്.
തണൽ പരിഗണിച്ച് ആദ്യഘട്ടത്തിൽ മരം നിലനിറുത്തിയെങ്കിലും ശാഖകൾ ഒടിഞ്ഞുവീഴുന്നത് പതിവായതോടെ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. മരവും പോസ്റ്റുകളും തടസമായതിനാൽ അഞ്ചുപേരടങ്ങുന്ന ടീമുകളുടെ ഫുട്ബാൾ ടൂർണമെന്റ് പോലും നടത്താനാകാത്ത സ്ഥിതിയാണെന്ന് ഈസ്റ്റ് കൊച്ചിൻ ക്ലബ് ഭാരവാഹികൾ പറഞ്ഞു. നിരവധി കുട്ടികളും കായികതാരങ്ങളും ആശ്രയിക്കുന്ന ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.
2015-2020 കാലഘട്ടത്തിലെ തൃക്കാക്കര മുനിസിപ്പൽ ഭരണസമിതിയുടെ നേതൃത്വത്തിൽ ഗ്രൗണ്ടിന്റെ വികസനത്തിനും ഗാലറി പണിയുന്നതിനും 40 ലക്ഷം അനുവദിച്ചിരുന്നു. ഗ്രൗണ്ടിനോട് ചേർന്ന് ടി.വി സെന്റർ വാർഡിലെ താമസക്കാരനായിരുന്നു മുൻമന്ത്രി എം.കെ. കൃഷ്ണന്റെ ഓർമ്മയ്ക്കായി ഔഷധോദ്യാനവും നിർമ്മിക്കാനും ബഡ്ജറ്റിൽ തുക നീക്കിവച്ചിരുന്നു. തുടർന്ന് വന്ന ഭരണ സമിതി ഈ ബഡ്ജറ്റ് വിഹിതം വിനിയോഗിക്കാത്തത് കൊണ്ടാണ് ഗ്രൗണ്ടിന് ഈ ശോചനീയാവസ്ഥ വന്നത്.
എം.എം. നാസർ
മുൻ കൗൺസിലർ
ഗ്രൗണ്ടിലെ പോസ്റ്റും പാഴ്‌മരവും മൂലം കളിക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇടപെടും. ഈസ്റ്റ് കൊച്ചിൻ ഗ്രൗണ്ടിനെ ഏറ്റവും മെച്ചപ്പെട്ട രീതിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കും.
റാഷിദ് ഉള്ളംപിള്ളി
നഗരസഭാ ചെയർമാൻ