ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാൻ താഴെയിറങ്ങി വരാൻ പറ്റില്ലെന്ന് കസ്റ്റമർ, പിന്നാലെ ഡെലിവറി ഏജന്റ് ചെയ്തത്

Wednesday 14 January 2026 4:18 PM IST

അർദ്ധരാത്രി കസ്റ്റമറിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോ വൈറലാവുന്നു. ഓർഡർ ചെയ്ത ഭക്ഷണം ഏറ്റുവാങ്ങാൻ കസ്റ്റമർ കെട്ടിടത്തിന്റെ താഴെയിറങ്ങി വരാത്തതോടെ സ്വയം കഴിക്കേണ്ടി വന്നുവെന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്. അങ്കുർ താക്കൂർ എന്നയാൾ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.

പുലർച്ചെ 2.30നാണ് ഓർഡറുമായി കസ്റ്റമറിന്റെ അടുക്കലെത്തിയതെന്ന് വീഡിയോയിൽ ഡെലിവറി ഏജന്റ് പറയുന്നു. മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് വരാൻ കസ്റ്റമറിനോട് അഭ്യർത്ഥിച്ചപ്പോൾ ഭക്ഷണത്തിന് മുൻകൂറായി പണം നൽകിയതിനാൽ വീട്ടുവാതിൽക്കൽ തന്നെ എത്തിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടു. പുലർച്ചെയാണെന്നും ബൈക്ക് താഴെ വച്ചിട്ടുവന്നാൽ ആരെങ്കിലും മോഷ്ടിച്ചേക്കാമെന്ന് പറഞ്ഞിട്ടും കസ്റ്റമർ വഴങ്ങിയില്ല.

തുടർന്ന് തർക്കമുണ്ടാവുകയും ഒന്നുങ്കിൽ ഓർഡർ ക്യാൻസൽ ചെയ്യണമെന്നും അല്ലെങ്കിൽ ഭക്ഷണം വാതിൽക്കൽ എത്തിക്കണമെന്നും കസ്റ്റമർ ആവശ്യപ്പെടുകയും ചെയ്തു. താൻ ഓർഡർ ക്യാൻസൽ ചെയ്തുവെന്ന് പറഞ്ഞ് യുവാവ് ഗുലാബ് ജാമുൻ കഴിക്കുന്നതും വീഡിയോയിൽ കാണാം. ശേഷം കസ്റ്റമർ ഓർഡർ ചെയ്ത ബിരിയാണി കഴിക്കുമെന്നും ഇയാൾ പറഞ്ഞു. രാത്രി വളരെ വൈകിയും അനേകം ദൂരം താണ്ടിയാണ് ഡെലിവറി ഏജന്റുമാർ വരുന്നതെന്നും ചില സമയങ്ങളിൽ കസ്റ്റമർ ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും യുവാവ് വീഡിയോയിൽ പറയുന്നു. സംഭവത്തിൽ യുവാവിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപ്പേർ രംഗത്തെത്തുന്നുണ്ട്. എന്നാൽ വിഷയത്തിൽ ഇതുവരെ സൊമാറ്റോ പ്രതികരിച്ചിട്ടില്ല.