ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി, വെള്ളിയാഴ്‌ച പരിഗണിക്കും
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം ശങ്കരദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്‌ചയിലേക്ക് മാറ്റി. ശങ്കരദാസിന്റെ ചികിത്സാ രേഖകൾ അന്വേഷണ സംഘം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകാത്തതിനെത്തുടർന്നാണ് മാറ്റിയത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് മുൻകൂർ ജാമ്യം തേടുന്നത്. ആശുപത്രി രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി നൽകിയ രണ്ട് ജാമ്യാപേക്ഷയും കോടതി തള്ളി. ദ്വാരപാലകശില്‌പക്കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യാപേക്ഷ നൽകിയത്. രണ്ടര മാസമായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നും പോറ്റിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, തെളിവുകളും തൊണ്ടിമുതലും ഇപ്പോഴും ശേഖരിച്ചുവരുന്നതേയുള്ളു എന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ജാമ്യഹർജികൾ തള്ളിയത്.
ശബരിമല സ്വർണക്കൊള്ള കേസിലെ 11-ാം പ്രതിയായ ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ എസ്‌ഐടിയെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിചേർത്ത അന്ന് മുതൽ ഒരാൾ ആശുപത്രിയിൽ കിടക്കുകയാണെന്നും എന്ത് അസംബന്ധമാണ് നടക്കുന്നതെന്നുമായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീൻ ചോദിച്ചത്. അയാളുടെ മകൻ എസ്‌പിയാണ് അതാണ് ആശുപത്രിയിൽ പോയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് വിയോജിപ്പുണ്ടെന്നും കോടതി വിമർശിച്ചിരുന്നു. പ്രതികളായ എ പത്മകുമാർ, ഗോവർദ്ധൻ, മുരാരി ബാബു ഉൾപ്പെടെയുള്ളവരുടെ ജാമ്യഹർജി പരിഗണിച്ചപ്പോഴായിരുന്നു വിമർശനം.