'ജനുവരി 30 തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കും'; പദ്ധതി പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് കോൺഗ്രസ്

Wednesday 14 January 2026 5:43 PM IST

തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. തൊഴിലുറപ്പ് നിയമം അട്ടിമറിച്ച ബിജെപി സര്‍ക്കാരിനെതിരെയുള്ള മൂന്നാംഘട്ട സമരപരിപാടികളുടെ ഭാഗമായാണിത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ബിജെപി സര്‍ക്കാരിനെതിരെ കെപിസിസി നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം ലോക്ഭവന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്തുകളിലും നടത്തിയ സമരത്തിന്റെ രണ്ടാഘട്ടത്തിലാണ് രാപ്പകല്‍ സമരം നടത്തിയത്. തൊഴിലുറപ്പ് പദ്ധതി നേരത്തെയുള്ളതുപോലെ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.

അമ്മമാര്‍ക്കുവേണ്ടിയുള്ള സമരത്തില്‍ ഒരു രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് സമരം നടത്തിയിട്ടും ആര്‍ക്കും ക്ഷീണമോ ദാഹമോ വിശപ്പോ ഉണ്ടായില്ല. അമ്മമാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനാണ് തൊഴിലുറപ്പ് പദ്ധതി യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. പാവപ്പെട്ടവരുടെ പണിയാധുങ്ങളുടെയും കായികാധ്വാനത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കാനായി ആവിഷ്‌കരിച്ച പദ്ധതിയാണിത്.

80,000 കോടി രൂപയുടെ കാര്‍ഷിക കടമാണ് യുപിഎ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. കര്‍ഷകരെയും തൊഴിലാളികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ നൂറിലേറെ നിയമസഭാ സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്തത്. എന്നാല്‍ 110 സീറ്റില്‍ ജയിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടത്. യുഡിഎഫാണ് അത്രയും സീറ്റ് കരസ്ഥമാക്കാന്‍ പോകുന്നത്. കേന്ദ്രത്തിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനവിരുദ്ധ പരിപാടികളെ തുറന്നെതിര്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ നടത്തിയ രാപ്പകല്‍ സമരം വമ്പിച്ച വിജയമായിരുന്നെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. സമരപ്പന്തലില്‍ വച്ചുതന്നെ രാത്രിയില്‍ കഞ്ഞിയും മറ്റും തയ്യാറാക്കി സമരക്കാര്‍ക്കു നല്കി. കെപിസിസി പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരപ്പന്തലില്‍ തന്നെ കിടന്നുറങ്ങുകയും ചെയ്തു.