തിരുവാഭരണങ്ങളണിഞ്ഞ് അയ്യപ്പന് ദീപാരാധന, ശരണമന്ത്രം ഉറക്കെ ജപിച്ച് ആയിരങ്ങൾ, പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

Wednesday 14 January 2026 6:55 PM IST

ശബരിമല: ദിവസങ്ങളോളം കാത്തിരുന്ന ലക്ഷങ്ങൾക്ക് സായൂജ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല സന്നിധാനത്ത് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങൾ മലയിറങ്ങിത്തുടങ്ങി. 6.40ഓടെ തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധന സമയത്ത് സന്നിധാനത്തിന് എതിർവശത്ത് പൊന്നമ്പലമേട്ടിൽ മൂന്നുതവണ മകരജ്യോതി തെളിഞ്ഞു.

ഈ സമയം സന്നിധാനത്ത് ദേവസ്വം മന്ത്രി വി എൻ വാസവൻ, ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ, ദേവസ്വംബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പന്തളം കൊട്ടാരത്തിൽ നിന്നെത്തിച്ച തിരുവാഭരണം വൈകിട്ട് 6.30 ഓടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് നടയടച്ച് തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിഞ്ഞു.

മകരവിളക്കിന് മുന്നോടിയായി ഇന്ന് വൈകിട്ട് 2.45ന് നടതുറന്നിരുന്നു. 3.08ന് മകര സംക്രമപൂജ നടന്നു. മുൻകൂട്ടി പാസ് നൽകിയവർക്ക് മാത്രമാണ് ഇ‌ന്ന്‌ പമ്പയിൽ നിന്ന്‌ സന്നിധാനത്തേക്ക്‌ പ്രവേശനം ലഭിച്ചത്. 17വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 18 വരെയുണ്ടാകും. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതി. 19ന് രാത്രി നടയടയ്ക്കും വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. പന്തളം രാജപ്രതിനിധി ദർശനം നടത്തിയശേഷം നടയടയ്ക്കും.