മലപ്പുറത്ത് നിറംകൈതക്കോട്ടയിൽ ഉത്സവത്തിനെത്തിച്ച ആന കുഴഞ്ഞുവീണ് ചരിഞ്ഞു
Wednesday 14 January 2026 7:51 PM IST
മലപ്പുറം: വള്ളിക്കുന്നിൽ ക്ഷേത്രോത്സവത്തിനെത്തിച്ച ആന കുഴഞ്ഞുവീണ് ചരിഞ്ഞു. നിറംകൈതക്കോട്ട ധർമ്മശാസ്‌താ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനെത്തിച്ച ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയാണ് പെട്ടെന്ന് കുഴഞ്ഞുവീണ് ചരിഞ്ഞത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആനയെ എഴുന്നള്ളിക്കാൻ തയ്യാറാക്കുന്നതിനിടെയാണ് സംഭവം.
ഇന്നലെ രാത്രിയോടെയാണ് എഴുന്നള്ളിപ്പിനായി ഗജേന്ദ്രനെ ക്ഷേത്രത്തിലെത്തിച്ചത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗജേന്ദ്രൻ. ആനയുടെ മരണകാരണം എന്തെന്ന് വ്യക്തമല്ല. വനംവകുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷമാകും സംസ്‌കാരം. മലപ്പുറം ജില്ലയിലും കോഴിക്കോട്, തൃശൂർ ജില്ലകളിലും നിരവധി ചെറുതും വലുതുമായ ഉത്സവങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ഈ ആന.