കത്തുകൾ

Thursday 15 January 2026 1:06 AM IST

നാട് വാഴുന്ന

നായ്ക്കൾ!

തെരുവുനായ നിയന്ത്രണവും പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ നായ പ്രേമികളുടെ വാദങ്ങളെ സുപ്രീംകോടതി രൂക്ഷമായ പരിഹാസത്തോടെയും,​ നിശിതമായ വിമർശനത്തോടെയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കളോട് അത്രയേറെ അലിവും സ്നേഹവും ഉള്ളവർ അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പോറ്റിവളർത്തട്ടെ എന്ന് കോടതി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. തെരുവുനായ്ക്കളുടെ വർദ്ധനയ്ക്ക് ഒരുപരിധിവരെ കാരണമാകുന്നത്,​ അവയ്ക്ക് തെരുവിൽത്തന്നെ ഭക്ഷണം നല്കുന്നതാണ്.

മൃഗങ്ങളോട് കാരുണ്യം പാടില്ലെന്നും,​ അവയ്ക്ക് ഭക്ഷണവും വെള്ളവും നല്കരുതെന്നും ആരും പറയില്ല. പക്ഷേ,​ അവ കൊച്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ തെരുവിൽ കടിച്ചുകീറുന്നതിന് ആര് സമാധാനം പറയും?​ എന്തായാലും,​ അത്തരം സംഭവങ്ങളിൽ ഇനി മുതൽ സംസ്ഥാന സർക്കാരുകൾക്കായിരിക്കും പൂർണ ഉത്തരവാദിത്വമെന്ന കോടതി ഉത്തരവ് അങ്ങേയറ്രം സ്വാഗതാർഹമാണ്. തദ്ദേശ സ്ഥാപനങ്ങൾക്കാണ് തെരുവുനായ് നിയന്ത്റണത്തിനും പുനരധിവാസ പദ്ധതിക്കുമുള്ള ചുമതല. പക്ഷേ,​ ആവശ്യമായ ഫണ്ടോ പുനരധിവാസത്തിന് സ്ഥലമോ ലഭ്യമല്ലെന്ന പല്ലവിയാണ് സ്ഥിരം കേൾക്കാറ്.

കോടതി ഉത്തരവിനെ തുടർന്നെങ്കിലും,​ നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിനും പുനരധിവാസത്തിനും അടിയന്തര പ്രാധാന്യം നല്കുകയും,​ അതിന് ആവശ്യമായ പണവും അടിസ്ഥാന സൗകര്യങ്ങളും പ്രത്യേകം കണ്ടെത്തുകയും വേണം. അല്ലെങ്കിൽ,​ തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം നല്കി സംസ്ഥാന സർക്കാർ കുത്തുപാളയെടുക്കുകയേ ഉള്ളൂ.

സോമശേഖരപിള്ള

മെഴുവേലി

നിരത്തിലോടുന്ന

'കൊലയാളികൾ"

കെ.എസ്.ആർ.ടി.സി ബസുകൾ വരുത്തിവയ്ക്കുന്ന അപകടങ്ങളുടെ വാർത്തകളില്ലാത്ത ദിവസങ്ങളില്ല എന്നായിരിക്കുന്നു. പലപ്പോഴും ഇരുചക്ര വാഹന യാത്രക്കാരാണ് ട്രാൻസ്‌പോർട്ട് ബസുകളുടെ കൊലവിളിക്ക് ഇരകളാകുന്നത്. ബസുകളുടെ കാലപ്പഴക്കവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് മിക്ക അപകടങ്ങളുടെയും മൂലകാരണം. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരുദിവസം തെറ്റിയാൽപ്പോലും സ്വകാര്യ വാഹനങ്ങൾക്ക് പിഴ ഈടാക്കാൻ ധൃതികാണിക്കുന്ന മോട്ടോർ വാഹന വകുപ്പും ട്രാഫിക് പൊലീസും കെ.എസ്.ആർ.ടി.സി ബസുകളുടെ പരിതാപകരമായ സ്ഥിതിയോ,​ അശ്രദ്ധമായ ഡ്രൈവിംഗോ കണക്കിലെടുക്കുകയോ,​ തക്കതായ പിഴ നല്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണ്?​

നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ?​ കെ.എസ്.ആർ.ടി.സി ബസുകൾ വരുത്തിവയ്ക്കുന്ന അപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാനുള്ള ബാദ്ധ്യത കോർപറേഷന് ഇല്ലേ?​ കൊലയാളി ബസിന്റെ ഡ്രൈവർക്ക് എന്തെങ്കിലും ചെറിയ ശിക്ഷപോലും വിധിച്ചതായി ഇന്നുവരെ കേട്ടിട്ടില്ല! ശമ്പളം കൃത്യമായി കിട്ടാത്തതിന്റെ കലി കെ.എസ്.ആർ.ടി.സി ‌ബസ് ജീവനക്കാർ തീർക്കേണ്ടത് മരണപ്പാച്ചിൽകൊണ്ട് നാട്ടുകാരുടെ ജീവനെടുത്തല്ല.

ശ്രീലത കെ.എസ്

ഓടനാവട്ടം