മംഗലംഡാം വലതുകര കനാലിലൂടെ കൃഷിക്കായി വെള്ളം തുറന്നു
വടക്കഞ്ചേരി: തകർന്നു താഴ്ന്ന് ജലവിതരണം മുടങ്ങിയ മംഗലംഡാം റിസർവോയറിൽ നിന്നുള്ള വലതുകര കനാലിലൂടെ ഇന്നലെ മുതൽ വെള്ളം വിട്ടു തുടങ്ങി. രണ്ടാംവിള നെൽക്കൃഷിക്ക് വെള്ളം അത്യാവശ്യമായതിനാൽ താഴ്ന്ന് കിണർ പോലെയായ ഭാഗത്ത് മണൽ, മണ്ണ് എന്നിവ നിറച്ച ചാക്കുകൾ അട്ടിയിട്ട് അതിനു മുകളിൽ ടാർപോളിൻ വിരിച്ച് ബലപ്പെടുത്തിയാണ് താത്കാലികമായി വെള്ളം വിടുന്നതെന്ന് മംഗലംഡാം അസിസ്റ്റന്റ് എൻജിനീയർ ടി.ഗോകുൽ അറിയിച്ചു. എത്രയും വേഗം വെള്ളം പാടശേഖരങ്ങളിൽ എത്തിക്കുന്നതിനു മുൻഗണന നൽകി ദ്രുതഗതിയിൽ താത്കാലിക പണികൾ നടത്തിയത് കർഷകർക്ക് ആശ്വാസമായെന്ന് വാർഡ് അംഗം ഡിനോയ് കോമ്പാറ പറഞ്ഞു. കൃഷിക്കുള്ള വെള്ളം വിടുന്നത് അവസാനിക്കുമ്പോൾ മണൽ ചാക്കുകൾ മാറ്റി അടിഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്തു ശരിയാക്കും. സമീപത്തെ പാഴ് മരങ്ങളുടെ വേരുകൾ കനാൽക്കെട്ടുകൾ ക്കിടയിലൂടെ ഇറങ്ങുന്നത് മണ്ണൊലിപ്പിനും കനാൽ ചോർച്ചയ്ക്കും കാരണമാകുന്നുണ്ട്. ഇതിനോടു ചേർന്നു തന്നെ വലിയയൊരു പാഴ്മരം മുറിച്ചു മറ്റേണ്ടതുണ്ട്. ഡാമിൽ നിന്നുള്ള മെയിൻ കനാലിൽ വലതുകര കനാൽ തുടങ്ങുന്ന ഭാഗത്താണ് 14 അടി താഴ്ചയിലേക്ക് നാലുദിവസം മുമ്പ് കനാൽ ഇടിഞ്ഞ് താഴ്ന്ന് കിണർ പോലെയായത്. കനാലിലെ ചോർച്ച കാരണം ഈ ഭാഗത്തെ മണ്ണ് രണ്ടു വശങ്ങളിലൂടെ പുഴയിലേക്ക് ഒലിച്ചുപോയി തകരുകയായിരുന്നു. പുഴയ്ക്കു കുറുകെയുള്ള കനാൽ പാലത്തിന്റെ തുടക്കത്തിലാണ് തകർച്ചയുണ്ടായത്. വണ്ടാഴി, അണക്കപ്പാറ വഴി കാവശേരി വരെ 23 കിലോമീറ്റർ നീളമുണ്ട് വലതുകര കനാലിന്.