കര തൊടുമോ പൂളക്കടവ് ആർ.സി.ബി

Thursday 15 January 2026 12:47 AM IST
നി​ർ​മാ​ണം നി​ല​ച്ച പൂ​ള​ക്ക​ട​വ് റെഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ്

നിർമ്മാണം നിലച്ച് നാലുവർഷം

കോഴിക്കോട്: 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് വാഗ്ദാനം നൽകിയ പൂളക്കടവ് റഗുലേറ്റർ കം ബ്രി‌ഡ്ജ് നാല് വർഷമായിട്ടും കര തൊട്ടില്ല. പദ്ധതിയുടെ ഭാഗമായി പാലം പണിതെങ്കിലും ബാക്കിയുള്ള പ്രവൃത്തികൾ നിലച്ച മട്ടാണ്. സർക്കാർ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തു നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കരാർ ഏറ്റെടുത്ത കമ്പനി പണി നിറുത്തി. നിർമ്മാണ സാമഗ്രികൾ ഇവിടെ നിന്ന് മാറ്രുകയും ലേബർ ക്യാമ്പിൽ നിന്ന് തൊഴിലാളികളെ മറ്റ് സൈറ്റുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തതോടെ

നാട്ടുകാരും ആശങ്കയിലാണ്. പ്രവൃത്തി നീണ്ടു പോകുന്നതിനാൽ നഷ്ടം വലുതാണെന്നും 2016ലെ നിരക്കിൽ നിലവിൽ പണി തുടരാനാവില്ലെന്ന നിലപാടിലാണ് കരാർ കമ്പനി.

പാലം നിർമ്മാണം 80 ശതമാനത്തോളം പൂർത്തിയായെങ്കിലും ഇരുകരകളെയും ബന്ധിപ്പിക്കാനായിട്ടില്ല. അപ്രോച്ച് റോഡ് നിർമ്മിക്കാനുള്ള ഭൂമി വിട്ടുകൊടുക്കാൻ പരിസരവാസികൾ തയാറാണെങ്കിലും സർക്കാർ അതിനുള്ള നടപടികൾ പൂർത്തിയാക്കാത്തതാണ് പ്രവൃത്തി നീളാൻ കാരണം. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഫയൽ നീക്കം വൈകുന്നതും സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ഫയൽ തയാറാക്കിയതിൽ വലിയ വീഴ്ച വന്നതും പദ്ധതി വൈകാൻ കാരണമായിട്ടുണ്ട്. എം.എൽ.എ കൂടിയായ മന്ത്രി എ.കെ. ശശീന്ദ്രനെ മൂന്ന് മാസം മുമ്പ് നാട്ടുകാർ ആശങ്ക അറിയിച്ചപ്പോൾ നടപടി വേഗത്തിലാക്കാൻ തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ആർ.സി.ബിയുടെ നിർമാണം അനിശ്ചിതത്വത്തിലായതോടെ ജനകീയ പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ. പറമ്പിൽ പൂളക്കടവ് ജനകീയ സമിതി ജനു. 25ന് പ്രതിഷേധ ബൈക്ക് റാലി സംഘടിപ്പിക്കും.

ഇഴയുന്നത് സ്വപ്ന പദ്ധതി

കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിനെയും എലത്തൂർ നിയോജക മണ്ഡലത്തിനെയും ബന്ധിപ്പിക്കുന്നതാണ് പൂളക്കടവ് റഗുലേറ്റർ കം ബ്രി‌ഡ്ജ് പദ്ധതി. പൂനൂർ പുഴക്ക് കുറുകെ 30 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റഗുലേറ്റർ കംബ്രി‌ഡ്ജ് നിർമ്മിക്കുന്നത്. 2021-ൽ ജലസേചന മന്ത്രി റോഷി അഗസ്റ്റിനാണ് തറക്കല്ലിട്ടത്. പദ്ധതി പൂർത്തിയാകുന്നതോടെ കുരുവട്ടൂർ, കക്കോടി, ചേളന്നൂർ നിവാസികൾക്ക് കോഴിക്കോട് നഗരത്തിൽ എളുപ്പം എത്താൻ സാധിക്കും. പറമ്പിൽ ബസാറിൽ നിന്ന് വെള്ളിമാടുകുന്ന് -കോവൂർ ബൈപാസ് റോഡിലേക്കാണ് പാലത്തിന്റെ അപ്രോച്ച് റോഡ് ചേരുന്നത്. കക്കോടി, കാരപ്പറമ്പ് മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കൂടിയാണ് പദ്ധതി. നിലവിൽ പറമ്പിൽ ബസാറിൽ നിന്ന് പൂളക്കടവ് നടപ്പാലം വഴിയാണ് ഇരുചക്രവാഹനങ്ങൾ വെള്ളിമാട്കുന്ന് ഭാഗത്തേക്ക് പോകുന്നത്. പഴയ നടപ്പാലം അപകടാവസ്ഥയിലാണ്.

കരാർ കമ്പനി

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യു.എൽ.സി.സി)

നിർമ്മാണ മേൽനോട്ടം

കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡവലപ്‌മെന്റ് കോർപറേഷൻ (കിഡ്ക്).

ചെലവ്

30 കോടി

തറക്കല്ലിട്ടത്

2021-ൽ