അയോഗ്യനാക്കാൻ എം.എൽ.എയുടെ  പരാതി വേണം:സ്പീക്കർ

Thursday 15 January 2026 12:13 AM IST

തിരുവനന്തപുരം:പീഡനക്കേസിൽ അറസ്റ്റിലായ എം.എൽ.എ.രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും സമാജികർ ആരെങ്കിലും പരാതി നൽകാതെ ഇടപെടാനാകില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിയമനടപടികൾ നിയമസഭയുടെ അന്തസ് ഇല്ലാതാക്കുമെന്ന് പറയാനാകില്ല. ഒരു കുട്ടയിലെ ഒരു മാങ്ങ കെട്ടതാണെന്ന് കരുതി മുഴുവൻ മാങ്ങയും കെട്ടതാകില്ല.സമൂഹത്തിനാണ് ഇത്തരം കാര്യങ്ങളിൽ അന്തിമനിലപാട് എടുക്കാനാകുക.

എം.എൽ.എ.യെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കണമെങ്കിൽ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. അതിന് സമാജികരുടെ പരാതിവേണം.ഇതിൽ രാഷ്ട്രീയമില്ല.ചട്ടങ്ങൾ മാത്രമേയുള്ളു. എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം സ്പീക്കറുടെ പരിശോധനയ്ക്ക് വിധേയമായി മാത്രമേ നടപ്പാക്കുകയുള്ളു.സ്പീക്കർ നിഷ്പക്ഷമായാണ് തീരുമാനമെടുക്കുക.രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ പ്രശ്നം മുമ്പ് ഉണ്ടായിട്ടില്ല. കീഴ് വഴക്കങ്ങളുമില്ല. കരുതലോടെ മാത്രമേ നടപടികൾ സാധ്യമാകുകയുള്ളു.

അതേസമയം ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ചാൽ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തിയാലോ എന്ന ചോദ്യത്തിന് അത് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.