കൊടുമണും ഏഴംകുളത്തും ജവാനും ഒ.പി.ആറിനും ഹോം ഡെലിവറി!
കൊടുമൺ: കൊടുമൺ, ഏഴംകുളം പഞ്ചായത്ത് പരിധിയിൽ അനധികൃത വിദേശമദ്യം ഹോം ഡെലിവറി നടത്തുന്നതായി പരാതി. ജവാൻ, ഒ.പി.ആർ ബ്രാൻഡുകളാണ് നൂറ് മുതൽ നൂറ്റൻപത് രൂപ അധികം ഈടാക്കി വീടുകളിലെത്തിച്ച് നൽകുന്നത്.
കൊടുമൺ രണ്ടാംകുറ്റി കേന്ദ്രീകരിച്ച് ചില സംഘങ്ങൾ ബീവറേജസിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി ശേഖരിച്ച് വിൽക്കുന്നതായാണ് വിവരം.
ചില ഓട്ടോറിക്ഷ തൊഴിലാളികളും മദ്യവിൽപ്പനയുടെ ക്യാരിയർമാരായി പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒ.പി.ആർ പൈൻഡിന് 300 രൂപയാണ് വിലയെങ്കിൽ വീടുകളിലെത്തിക്കുമ്പോൾ 150 രൂപ വരെ അധികം ഈടാക്കും. ബീവറേജ് അവധിയുള്ള ഒന്നാം തീയതികളിലും മറ്റ് വിശേഷ ദിവസങ്ങളിലുമാണ് മദ്യവിൽപ്പന കൂടുതൽ.
അനധികൃത മദ്യവിൽപ്പന വ്യാപകമായതോടെ നാടിന്റെ ഉറക്കവും നഷ്ടപ്പെട്ടു. ഇടക്കാലത്ത് പരാതി ശക്തമായതോടെ എക്സൈസ് പരിശോധന വ്യാപകമാക്കി. ഇതോടെ പത്തിമടക്കിയ പലരും വർദ്ധിത വീര്യത്തോടെ വീണ്ടും തലപൊക്കിയതായി നാട്ടുകാർ പറയുന്നു. കൊടുമൺ -ഏഴംകുളം റൂട്ടിലെ ചില വ്യാപാര സ്ഥാപനങ്ങൾക്കും മദ്യവിൽപ്പനയിൽ പങ്കുണ്ടെന്നാണ് സൂചന.
പുതുമല - തേപ്പുപാറ റോഡിൽ വിജനമായ പ്രദേശങ്ങളിൽ ഇത്തരം സംഘങ്ങൾ സജീവമാണെന്നും നാട്ടുകാർ പറയുന്നു.
സ്കൂട്ടറിൽ സഞ്ചരിച്ചാണ് ഇത്തരം സംഘങ്ങൾ മദ്യവിൽപ്പന നടത്തുന്നത്. സ്ഥിരം കസ്റ്റമേഴ്‌സിനെ ഫോണിൽ വിളിച്ച് ഏത് ബ്രാൻഡ് വേണമെന്ന് അന്വേഷിച്ച് എത്തിക്കുന്നതായും വിവരമുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തും ഇത്തരം സംഘങ്ങൾ പ്രദേശത്ത് സജീവമായിരുന്നു.
വിൽപ്പനയ്ക്ക് പ്രത്യേക സംഘം
അധികവില ഈടാക്കി വിൽപ്പന
ദൂരം കണക്കാക്കി വില നിശ്ചയിക്കും
ഫോണിൽ ആവശ്യപ്പെട്ടാൽ വീട്ടിലെത്തിക്കും
ഗൂഗിൾപേ വഴി പണം നൽകണം
അധികലാഭം ആളുകളെ വഴിതെറ്റിക്കുന്നു
പരാതി നൽകി നാട്ടുകാർ മടുത്തു
ഒരാൾക്ക് സൂക്ഷിക്കാവുന്നത്
വിദേശമദ്യം- 3 ലിറ്റർ
വൈൻ-4.5 ലിറ്റർ
ബീയർ- 4 കുപ്പി
കള്ള്-1.5 ലിറ്റർ
ഇതിൽ കൂടുതൽ സൂക്ഷിച്ചാൽ
തടവ്-10 വർഷം
അന്യസംസ്ഥാന വിദേശമദ്യം
അബ്കാരി നിയമം 58-ാം വകുപ്പ് പ്രകാരം വിൽപ്പനാനുമതി ഇല്ലാത്ത മദ്യം സൂക്ഷിക്കരുത്
പത്ത് വർഷം വരെ തടവ്
ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം
ജാമ്യം ലഭിക്കില്ല
കേരള അബ്കാരി നിയമങ്ങളെ കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതിനാലാണ് ആളുകൾ അനധികൃത മദ്യവിൽപ്പനയിലേക്ക് തിരിയുന്നത്.
എക്സൈസ് ഉദ്യോഗസ്ഥർ