കെഎല്‍ രാഹുലിന്റെ സെഞ്ച്വറിക്ക് ഡാരില്‍ മിച്ചലിന്റെ ചെക്ക്; രാജ്‌കോട്ടില്‍ ഇന്ത്യക്ക് തോല്‍വി, പരമ്പര ഒപ്പത്തിനൊപ്പം

Wednesday 14 January 2026 9:27 PM IST

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചല്‍ 131*(117) , അര്‍ദ്ധ സെഞ്ച്വറി നേടിയ മുന്‍നിര ബാറ്റര്‍ വില്‍ യംഗ് എന്നിവരുടെ പ്രകടനങ്ങളാണ് ജയത്തിന് അടിത്തറയിട്ടത്. രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ കിവീസ് ഒപ്പമെത്തി. ഇന്‍ഡോറിലെ അവസാന മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന്റെ തുടക്കം മികച്ചതായിരുന്നില്ല. 12.4 ഓവറില്‍ ടീം സ്‌കോര്‍ 46 റണ്‍സ് മാത്രമുള്ളപ്പോഴേക്കും അവര്‍ക്ക് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേ 16(21), ഹെന്റി നിക്കോള്‍സ് 10(24) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ വില്‍ യംഗ് 87(98)- ഡാരില്‍ മിച്ചല്‍ സഖ്യം നേടിയ 162 റണ്‍സ് കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ക്യാച്ച് നല്‍കി യംഗ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

പിന്നീട് വന്ന ഗ്ലെന്‍ ഫിലിപ്‌സ് 32 (25)- ഡാരില്‍ മിച്ചല്‍ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ അനായാസ ജയത്തിലേക്ക് ടീമിനെ നയിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ സെഞ്ച്വറി 112*(92) മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടിയിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റ്ന്‍ ശുബ്മാന്‍ ഗില്‍ 56(53) ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ സീനിയര്‍ താരങ്ങളായ വിരാട് കൊഹ്ലി 23(29), രോഹിത് ശര്‍മ്മ 24(38) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ശ്രേയസ് അയ്യര്‍ 8(17), രവീന്ദ്ര ജഡേജ 27(44), നിതീഷ് കുമാര്‍ റെഡ്ഡി 20(21), ഹര്‍ഷിത് റാണ 2(4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

മുഹമ്മദ് സിറാജ് 2*(3) കെഎല്‍ രാഹുലിനൊപ്പം പുറത്താകാതെ നിന്നു. 11 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ന്യൂസിലാന്‍ഡിനായി ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കൈല്‍ ജാമിസണ്‍, സാക്കറി ഫൗക്‌സ്, ജെയ്ഡന്‍ ലെനോക്‌സ്, ക്യാപ്റ്റന്‍ മൈക്കള്‍ ബ്രേസ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.