ചിരിപ്പിച്ച് വഴിക്കാക്കി മിമിക്രി ചങ്ക്സ്

Wednesday 14 January 2026 9:52 PM IST

കൊച്ചി: റേസിംഗ് ട്രാക്കിൽ കുതിച്ചുപായുന്ന കുഞ്ഞൻ കാറുകളുടെ മുഴക്കം...ഹരം കൊള്ളിക്കുന്ന ബീറ്റ് ബോക്‌സ് താളങ്ങൾ... മേമ്പൊടിക്ക് പഴയകാലത്തെ നമ്പറുകൾ.. അങ്ങനെ എല്ലാം മിക്‌സ്‌ചെയ്‌തൊരു അഡാറ് ഐറ്റം വേദിയിൽ അവതരിപ്പിച്ചു രണ്ട് കട്ട ചങ്ക്‌സ്. എറണാകുളം നോർത്ത് പറവൂർ എസ്.എൻ.എച്ച്.എസ്.എസിൽ നിന്നുള്ള പ്ലസ്‌വണ്ണുകാരൻ ഇഷാൻ ഷ്യാമും ചെറായി എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് ടുകാരി മീതിക വെനേശുമാണ് ട്രെൻഡിംഗ് ശബ്ദങ്ങളോടെ എ ഗ്രേഡ് നേടിയത്.

സോഷ്യൽ മീഡിയയിൽ തരംഗമായ നാഗസൈരന്ധ്രിയുടെ ബാബു സ്വാമിയെ മീതിക അവതരിപ്പിച്ചപ്പോൾ സദസിന് ചിരിയടക്കാനായില്ല. ഇതിനുപുറമേ വെള്ളാപ്പള്ളി നടേശൻ, കാന്താര മ്യൂസിക്, ഡോറാബുജി, തിരമാല എന്നിവയൊക്കെ മീതികയിലൂടെ മിന്നിമാഞ്ഞു.

ഓപ്പറേഷൻ സിന്ദൂറായിരുന്നു ഇഷാന്റെ ഹൈലൈറ്റ്. ഫൈറ്റർ ജെറ്റ്, കാർ റേസിംഗ്, സിനിമാ ട്രെയിലറുകൾ എന്നിവയൊക്കെ ഇഷാൻ പ്രകടനത്തിന്റെ മാറ്റ് കൂട്ടി. ദനൂപ് അക്കിക്കാവെന്ന ഒരേ പരിശീലകനു കീഴിൽ മിമിക്രി അഭ്യസിക്കുന്ന ഇരുവരും മൂന്ന് വർഷമായി ചങ്ക് കൂട്ടുകാരാണ്. ഒ.ആർ. വെനേശ്- ലൈബ ദമ്പതികളുടെ മകളാണ് മീതിക. ശ്യാംകുമാർ- ലിംസി ദമ്പതികളുടെ മകനാണ് ഇഷാൻ.