ഭരതനാട്യത്തിൽ മിന്നിത്തിളങ്ങി ആർ.എൽ.വി ആനന്ദിന്റെ ശിഷ്യൻ
തൃശൂർ: നടിമാരായ കാവ്യ മാധവനും അനു സിതാരയും അടക്കം അമ്പതിനായിരത്തിലേറെ നർത്തകരുടെ ഗുരുവായ ആർ.എൽ.വി.ആനന്ദിന്റെ ശിഷ്യൻ പ്രജ്വൽ സുനിൽ ഭരതനാട്യത്തിൽ കാഴ്ചവെച്ചത് മിന്നും പ്രകടനം. എ ഗ്രേഡ് നേടിയ പ്രജ്വൽ, എട്ടാം ക്‌ളാസ് മുതൽ സംസ്ഥാന കലോത്സവത്തിലെ നൃത്തമത്സരങ്ങളിൽ താരമായ പ്രജ്വൽ കുച്ചുപ്പുടിയിലും നാടോടിനൃത്തത്തിലും മത്സരിക്കുന്നുണ്ട്. വടക്കാഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിയാണ്. അച്ഛൻ സുനിൽ കൂലിപ്പണിക്കാരനും അമ്മ സന്ധ്യ വടക്കാഞ്ചേരിയിലെ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരിയുമാണ്. സഹോദരി പ്രജ്ഞ ബിരുദ വിദ്യാർത്ഥിനിയാണ്. വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശിയാണ്. രണ്ടാം ക്‌ളാസ് മുതൽ ശ്രീരഞ്ജിനി കലാക്ഷേത്രത്തിലെ രജനി സുരേന്ദ്രനായിരുന്നു നൃത്തം പഠിപ്പിച്ചിരുന്നത്. രാജ്യാന്തര തലത്തിൽ കൊറിയോഗ്രാഫറായി ശ്രദ്ധേയനായ ആർ.എൽ.വി.ആനന്ദ്, വീണ്ടും കലോത്സവത്തിൽ സജീവമാകുകയായിരുന്നു. മൂന്നരപതിറ്റാണ്ടിലേറെയായി നൃത്താദ്ധ്യാപനത്തിലുണ്ട്.