കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുത്: മുഖ്യമന്ത്രി

Wednesday 14 January 2026 10:08 PM IST

തൃശൂർ: കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വർഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നൽകുന്നതാണ് കല. ജാതിയും ജന്മിത്തവും നിലനിന്നിരുന്ന കാലത്ത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മനുഷ്യരെ അകറ്റിയിരുന്നു. അത് കലകളെയും ബാധിച്ചിരുന്നു.

മതനിരപേക്ഷതയും ജനാധിപത്യവും കല ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നു. കലോത്സവങ്ങളാണ് ഇതിന് സഹായകമായത്. കലാമണ്ഡലം ഹൈദരാലി കഥകളി അഭ്യസിച്ചപ്പോൾ പലരും അപഹസിച്ചു. നിരവധി നല്ല വേദികളിലും അദ്ദേഹത്തിന് സ്വീകരണം ലഭിച്ചു. മുസ്‌ലിംകൾ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കൾ ഒപ്പന പഠിക്കരുതെന്നും ശഠിക്കുന്നവർ ഇന്നുമുണ്ട്. സിനിമയിലെ കഥാപാത്രങ്ങൾക്ക് ജാനകിയെന്നും സീത എന്നും പേരിടാൻ കഴിയാത്ത നിലയായി. കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനം. സമ്മാനം കിട്ടുകയോ കിട്ടാതിരിക്കുകയോ ആവാം. കലോത്സവത്തിന്റെ ഭംഗി മത്സരബുദ്ധി കെടുത്താതെ നോക്കണം. ഇതിൽ രക്ഷകർത്താക്കൾ ഇടപെടാതെ നോക്കണം. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായി. മന്ത്രിമാരായ ഡോ.ആർ.ബിന്ദു, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പളളി, എം.പി മാരായ കെ. രാധാകൃഷ്ണൻ, ബെന്നി ബഹനാൻ, കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, എ.സി മൊയ്തീൻ, യു.ആർ പ്രദീപ്, കെ.കെ രാമചന്ദ്രൻ, സനീഷ്‌കുമാർ ജോസഫ്, ഇ.ടി ടെെസൺ മാസ്റ്റർ, എൻ.കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, വി.ആർ സുനിൽകുമാർ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ്, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്മാരാർ, ഫുട്ബോൾ താരം ഐ.എം വിജയൻ, ചലച്ചിത്ര താരം റിയ ഷിബു, കളക്ടർ അർജുൻ പാണ്ഡ്യൻ, ലളിതകലാ അക്കാഡമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് എന്നിവർ പങ്കെടുത്തു.