ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരം

Thursday 15 January 2026 1:18 AM IST

കൊച്ചി: ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ (ഐ.എസ്.എഫ്) ബംഗളൂരുവിൽ നടന്ന ചടങ്ങിൽ 2025ലെ ഇൻഫോസിസ് പുരസ്‌കാര ജേതാക്കൾക്ക് സമ്മാനം വിതരണം ചെയ്തു. നൊബേൽ സമ്മാന ജേതാവ് റാണ്ടി ഷെക്മാൻ ആറ് വിഭാഗങ്ങളിലായുള്ള പുരസ്‌കാര ജേതാക്കൾക്കും തങ്കപ്പതക്കവും പ്രശസ്തി പത്രവും സമ്മാനതുകയായ 1,​00,000 യു.എസ് ഡോളറും നൽകി. സാമ്പത്തിക ശാസ്ത്രം, എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ്, സാമൂഹിക ശാസ്ത്രം, ലൈഫ് സയൻസസ്, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നീ ആറ് വിഭാഗങ്ങളിലായി നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് വിജയികൾക്ക് പുരസ്‌കാരം നൽകിയത്.

പ്രൊഫ. നിഖിൽ അഗർവാൾ (സാമ്പത്തികശാസ്ത്രം)​, പ്രൊഫ. സുശാന്ത് സച്ച്‌ദേവ (എൻജിനീയറിംഗ് ആൻഡ് കമ്പ്യൂട്ടർ സയൻസ്)​, പ്രൊഫ. ആൻഡ്രൂ ഒല്ലെറ്റ് (ഹ്യൂമാനിറ്റീസും സാമൂഹിക ശാസ്ത്രവും)​, പ്രൊഫ. അഞ്ജന ബദ്രിനാരായണൻ (ലൈഫ് സയൻസസ്)​, പ്രൊഫ. സബ്യസാചി മുഖർജി(ഗണിതശാസ്ത്രം)​, പ്രൊഫ. കാർത്തിഷ് മന്ദിരാം (ഭൗതിക ശാസ്ത്രം)​ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ ട്രസ്റ്റിമാരായ കെ. ദിനേശ്, നാരായണ മൂർത്തി, ക്രിസ് ഗോപാലകൃഷ്ണൻ, എസ്. ഡി. ഷിബുലാൽ, മോഹൻദാസ് പൈ, നന്ദൻ നിലേകനി, സലിൽ പരേഖ് എന്നിവർ പങ്കെടുത്തു.