കടിഞ്ഞാണില്ലാതെ സ്വർണക്കുതിപ്പ്

Thursday 15 January 2026 2:22 AM IST

കൊച്ചി: വിലയിൽ പുതിയ ഉയരങ്ങൾ തേടുകയാണ് മഞ്ഞലോഹം. ഇന്നലെ രണ്ട് തവണയായി വില വർദ്ധിച്ച് ഗ്രാമിന് 13,​200 രൂപയും പവന് 1,​ 05,​600 രൂപയുമായി. ആഗോളവിപണിയുടെ ചുവട് പിടിച്ച് രാവിലെ ഗ്രാമിന് 100 രൂപ വർദ്ധിച്ച് 13,​165 ഉം പവന് 1,​05,​320 രൂപയുമായി ആയ സ്വർണം ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 35 രൂപ കൂടി വർദ്ധിച്ച് 13,​200 രൂപയായി. പവന് 1,​05,​600 രൂപയുമായി. ആഗോളവിപണിയിൽ ഔൺസിന് 4,600 ഡോളർ വില രേഖപ്പെടുത്തി. ഡിസംബറിലാണ് ചരിത്രത്തിലാദ്യമായി ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപ കുറിച്ചത്. ശേഷം വില താഴ്ന്നിരുന്നെങ്കിലും ജനുവരിയോടെ തിരികെ കയറുകയായിരുന്നു. ഈ മാസം 9 മുതൽ ഒരു ലക്ഷത്തിന് മുകളിൽ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

സ്വർണത്തെ മുറുകെപ്പിടിച്ച് നിക്ഷേപകർ

ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും മുറുകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന കരുത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിക്കുന്നതാണ് സ്വർണവിലയുടെ കുതിപ്പിന് പിന്നിൽ. വരും വർഷങ്ങളിലും സ്വർണത്തിന്റെ വില വർദ്ധനവ് തുടരുമെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തൽ.

വെനിസ്വേലയിലെ യു.എസ് ഇടപെടലുകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ

അമേരിക്കയിലെ സാമ്പത്തിക മാന്ദ്യഭീതി

വിവിധ രാജ്യങ്ങളിലെ കറൻസികളുടെ മൂല്യത്തകർച്ച

വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത്