തകർച്ച തുടർന്ന് ഓഹരിവിപണി

Thursday 15 January 2026 2:23 AM IST

കൊച്ചി: തുടർച്ചയായ രണ്ടാംദിനവും നഷ്ടം രേഖപ്പെടുത്തി ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 245 പോയിന്റ് താഴ്ന്ന് 83,382.71ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന് 25,665.60 ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നേരിയ നേട്ടമുണ്ടാക്കി. ഐ.ടി.സി, ഐ.ആർ.സി.ടി.സി, ഡിക്‌സൺ ടെക്‌നോളജീസ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ് ഉൾപ്പെടെ 222 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു.

വിദേശ നിക്ഷേപകർ തങ്ങളുടെ നിക്ഷേപം പിൻവലിക്കുന്നതാണ് വിപണിയെ പ്രധാനമായും ബാധിച്ചിരിക്കുന്നത്. കമ്പനികളുടെ മൂന്നാംപാദ സാമ്പത്തിക ഫലങ്ങളിലെ സമ്മിശ്ര പ്രതികരണവും ഇന്ത്യ- യു.എസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും എന്നിവയും പ്രതികൂലമായി ബാധിച്ചു.

യു.എസ് സുപ്രീംകോടതി

വിധി തുണയ്ക്കുമോ?

ആഗോള ചുങ്കപ്പോരിന് വീണ്ടും കോപ്പുകൂട്ടി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനത്തിന്റെ നെഞ്ചിടിപ്പിലാണ് നിക്ഷേപകർ. ഇത്തവണ ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേലാണ് ട്രംപിന്റെ 25 ശതമാനം അധിക തീരുവ ഭീഷണി. ഇന്ത്യൻ വിപണിയിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വില്പനസമ്മർദ്ദം തുടരുകയാണ്.

അതേസമയം, ട്രംപിന്റെ താരിഫ് നയങ്ങളിൽ യു.എസ് സുപ്രീം കോടതി പുറപ്പെടുവിക്കാനിരിക്കുന്ന വിധിയിലാണ് നിക്ഷേപകരുടെ പ്രതീക്ഷ. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതിന്റെയും ഓഹരിവിപണിയിൽ നിന്ന് വിദേശനിക്ഷപകരുടെ പിന്മാറ്റത്തിന്റെയും പ്രധാന കാരണങ്ങളിലൊന്ന് ട്രംപിന്റെ ചുങ്കപ്പോരാണ്.

നേട്ടമുണ്ടാക്കിയവർ

ടാറ്റ സ്റ്റീൽ ..................3.71%

എൻ.ടി.പി.സി ...........3.28%

ആക്‌സിസ് ബാങ്ക് ........2.93%

നഷ്ടം നേരിട്ടവർ:

ഏഷ്യൻ പെയിന്റ്‌സ് ........................2.40%

ടി.സി.എസ് ..........................................2.15%

ടാറ്റ കൺസ്യൂമർ..............................1.72%