കുരുക്കു മുറുക്കി എസ്.ഐ.ടി, സ്വന്തം വക്കീലിനെത്തേടി തന്ത്രി

Thursday 15 January 2026 12:25 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കുരുക്ക് മുറുക്കിയതോടെ ജയിലിൽ അഭിഭാഷകനുമായി ചർച്ചയ്ക്ക് അവസരം തേടി തന്ത്രി കണ്‌ഠരര് രാജീവരര് കോടതിയെ സമീപിച്ചു. ദ്വാരപാലക ശില്പപാളിക്കേസിൽക്കൂടി അറസ്റ്റിന് കോടതി അനുമതി നൽകിയതിനു പിന്നാലെയാണിത്. പ്രത്യേകം അഭിഭാഷകനെ വേണമെന്നും ജയിലിൽ കേസ് കാര്യങ്ങൾ ചർച്ച ചെയ്യാൻ അഭിഭാഷകനെ അനുവദിക്കണമെന്നും തന്ത്രി കൊല്ലം കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞു. ഇതിനെ എസ്.ഐ.ടി എതിർക്കുമെന്നാണ് അറിയുന്നത്. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിൽ പതിമൂന്നാം പ്രതിയായ തന്ത്രി റിമാൻഡിലാണ്.

2017ൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലെ ക്രമക്കേടുകളും എസ്.ഐ.ടി അന്വേഷിക്കുകയാണ്. പഴയ കൊടിമരത്തിലെ വാജിവാഹനം തനിക്ക് അവകാശപ്പെട്ടതെന്നു പറഞ്ഞ് തന്ത്രി കൊണ്ടുപോയിരുന്നു. അത് ആന്ധ്രയിലെ വൻവ്യവസായിക്ക് നൽകിയെന്നും സ്വർണക്കൊള്ള പുറത്തായതോടെ തിരികെവാങ്ങിയെന്നുമാണ് എസ്.ഐ.ടി പറയുന്നത്. ഇത് തന്ത്രിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. കൊടിമരത്തിൽ നിന്ന് മാറ്റിയ അഷ്ടദിഗ്‌പാലകരുടെ ശില്പങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന്റെയെല്ലാം വിവരങ്ങളുള്ള തിരുവാഭരണം രജിസ്റ്ററുകൾ നശിപ്പിക്കപ്പെട്ടെന്നാണ് സൂചന. കൊടിമരം മാറ്റിയ കാലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ്.ഐ.ടി ചോദ്യം ചെയ്തു. കോൺഗ്രസ് നേതാവായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ബോർഡ് പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്.

ദ്വാരപാലക ശില്പക്കേസിൽ തന്ത്രിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിക്ക് ശോഭമങ്ങിയതും ഭക്തർ നാണയമെറിഞ്ഞുണ്ടായ ചുളിവുകളും ചൂണ്ടിക്കാട്ടി അറ്റകുറ്റപ്പണിക്ക് തന്ത്രിയാണ് നിർദ്ദേശിച്ചത്. ശില്പപാളികൾ പുറത്തേക്കു കൊണ്ടുപോവാൻ അനുമതി നൽകിയതായും എസ്.ഐ.ടി കണ്ടെത്തി.

വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്

വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് ബോർഡംഗമായിരുന്ന അജയ് തറയിൽ പറഞ്ഞു. കീഴ്‌വഴക്കം അതായതുകൊണ്ടാണ് പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. അഡ്വക്കേറ്റ് കമ്മിഷൻ എ.എസ്.പി. കുറുപ്പിന്റെ നിർദ്ദേശവുമുണ്ടായിരുന്നു. സ്വർണം പൂശിയ പറകൾ, അഷ്ടദിഗ്പാലക ശില്പങ്ങൾ എന്നിവയെല്ലാം സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. ഇതിന് മഹസർ തയ്യാറാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇപ്പോൾ അതെല്ലാം സ്ട്രോംഗ് റൂമിലുണ്ടോയെന്ന് അറിയില്ല. പുതിയ കൊടിമരത്തിന് സ്വർണം സ്പോൺസർ ചെയ്തത് ആന്ധ്രയിലെ ഫിനിക്സ് ഗ്രൂപ്പാണ്. മറ്റാരുടെയും സ്വർണം നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. തന്റെ കൈകൾ ശുദ്ധമാണെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും അജയ് തറയിൽ പറഞ്ഞു.