ലോട്ടറി ക്ഷേമനിധി തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്ക് #വിശദ അന്വേഷണത്തിന് സർക്കാർ
തിരുവനന്തപുരം: സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ശേഷിക്കെ, ലോട്ടറി ക്ഷേമനിധിയിലെ കോടികളുടെ തട്ടിപ്പ് സർക്കാരിന് തലവേദനയായി. രണ്ടുപേർ ചേർന്ന് 14.93കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയതെങ്കിലും ഇതിനേക്കാൾ വൻതുക ചോർത്തിയിട്ടുണ്ടെന്നാണ് സർക്കാരിന് ലഭിച്ച ഇന്റേണൽ റിപ്പോർട്ട്. മറ്റുപലർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് നിഗമനം. വിപുലമായ അന്വേഷണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.
ഒരു ഉദ്യോഗസ്ഥൻ എട്ടുവർഷമായി നടത്തിവന്ന തട്ടിപ്പ് ക്ഷേമനിധി ബോർഡിലെയും ലോട്ടറി ഡയറക്ടറേറ്റിലെയും ആരും അറിഞ്ഞില്ലെന്നത് ദുരൂഹമാണെന്ന അഭിപ്രായം സർക്കാരിനുണ്ട്. ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയതിന് ഇവർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തും.
ഒന്നര ലക്ഷത്തിലേറെ പേർ അംഗങ്ങളായ ക്ഷേമനിധിയിൽ
സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ക്ഷേമനിധിയിൽ തട്ടിപ്പ് നടക്കുന്നതായി ലോട്ടറി വ്യാപാരികളുടേയും ഏജന്റുമാരുടേയും സംഘടനകൾ നേരത്തെ പരാതി നൽകിയിരുന്നുവെന്നാണ് അറിയുന്നത്. പക്ഷേ, അധികൃതർ അനങ്ങിയില്ല.സെക്രട്ടേറിയറ്റിലെ ഒരു ഉദ്യോഗസ്ഥൻ വിജിലൻസിന് നൽകിയ പരാതിയിൽ ഇപ്പോൾ ആരോപണവിധേയനായ ആറ്റിങ്ങൽ സ്വദേശി കെ.സംഗീത്
വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.ഇതിലെ അന്വേഷണമാണ് ഇപ്പോഴത്തെ ഓഡിറ്റ് കണ്ടെത്തലിൽ എത്തിയത്.
ലോട്ടറി ഏജന്റുമാരിൽനിന്ന് പ്രതിമാസം 50 രൂപ വീതം അംശാദായമായി പിരിച്ചും സർക്കാരിൽ നിന്നു ഗ്രാന്റ് വാങ്ങിയുമാണു ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നത്.
2014 ഓഗസ്റ്റ് 14 മുതൽ 2019 ജൂലായ് 30 വരെ നടന്ന തട്ടിപ്പ് കാഷ്ബുക്കിലും ബാങ്ക് സ്റ്റേറ്റ്‌മെന്റിലും കൃത്രിമം കാട്ടിയാണ് മറച്ചുവച്ചത്. ക്ഷേമനിധി ബോർഡിന്റെ അക്കൗണ്ടിൽനിന്ന് സംഗീത് സ്വന്തം അക്കൗണ്ടിലേക്കും കരാറുകാരനായ സുഹൃത്തിന്റെ അക്കൗണ്ടിലേക്കും പണം മാറ്റിയും ചെക്കുകൾ കള്ള ഒപ്പിട്ടു കൈമാറിയിട്ടുണ്ട്. ക്ഷേമനിധി ബോർഡിലെ മറ്റു ജീവനക്കാരുടെ പേരിലും ചെക്ക് മാറി പണം എടുത്തിട്ടുണ്ട്.തട്ടിയെടുത്ത തുക നിയമവിധേയമാക്കാനായി 70ലക്ഷം രൂപ ലോട്ടറിയടിച്ചെന്ന് വ്യാജരേഖയുമുണ്ടാക്കി. രേഖയുണ്ടാക്കി. ഏഴു കോടി സർക്കാർ ഗ്രാന്റായി എത്തിയപ്പോൾ സ്‌റ്റേറ്റ്‌മെന്റിൽ ആറുകോടിയെന്നു തിരുത്തിയും തട്ടിപ്പിന് വഴിയൊരുക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.