ശബരിമല സ്വർണക്കൊള്ളയിൽ ശങ്കരദാസും അറസ്റ്റിൽ
തിരുവനന്തപുരം: ദൈവത്തെപ്പോലും വെറുതേവിട്ടില്ലെന്ന് സുപ്രീംകോടതിയും പ്രതിയാക്കിയതു മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്ന് ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വംബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ. സി.പി.ഐ പ്രതിനിധിയായിരുന്നു.
പതിനൊന്നാം പ്രതിയാണ്. ശബരിമലയിൽ മകര ജ്യോതി തെളിയുന്ന സമയത്തായിരുന്നു അറസ്റ്റെന്നത് യാദൃച്ഛികം.
ഇതോടെ അന്നത്തെ ഭരണ സമതി ഒന്നാകെ അറസ്റ്റിലായി. പ്രസിഡന്റായിരുന്ന പത്മകുമാറും ബോർഡംഗമായിരുന്ന എൻ.വിജയകുമാറും നേരത്തേ അറസ്റ്റിലായിരുന്നു.
അന്വേഷണ സംഘം എസ്.പി.ശശിധരന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ആറരയോടെ ചാക്കയിലെ സ്വകാര്യാശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പക്ഷാഘാതവും ഹൃദയസ്തംഭനവും ചൂണ്ടിക്കാട്ടി ഐ.സി.യുവിലായിരുന്നു. ഇന്നലെ മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ്അറസ്റ്റ് .
ഡോക്ടർമാരുമായി ചർച്ചനടത്തിയശേഷം സ്പെഷ്യൽ തഹസിൽദാരുടെ സാന്നിദ്ധ്യത്തിലായിരുന്നു അറസ്റ്റ്. കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. ഇന്ന് റിമാൻഡ് റിപ്പോർട്ട് നൽകും. ജഡ്ജി ആശുപത്രിയിലെത്തി റിമാൻഡ് ചെയ്യും. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റണോ എന്ന് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.
2019 മാർച്ച് 19നുചേർന്ന ബോർഡിന്റെ മിനിട്ട്സിൽ കൃത്രിമം കാട്ടിയത് പോറ്റിക്ക് സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കാനെന്നാണ് കണ്ടെത്തൽ. സ്വർണം പൊതിഞ്ഞ പിത്തളയെന്ന മിനിട്ട്സിലെ പരാമർശം പത്മകുമാർ പച്ചമഷികൊണ്ട് വെട്ടി ചെമ്പെന്നെഴുതി. ഇതിനുതാഴെ ശങ്കരദാസും ഒപ്പിട്ടിട്ടുണ്ട്.
അറസ്റ്റ് ഗത്യന്തരമില്ലാതെ
# മെഡി.കോളേജാശുപത്രിയിലെ ഡോക്ടർമാരടങ്ങിയ സംഘം ചികിത്സാരേഖകൾ പരിശോധിച്ചിരുന്നു. പക്ഷാഘാതമുണ്ടായിട്ടില്ലന്നാണ് നിഗമനം. ഇന്നലെ കൊല്ലം കോടതി മുൻകൂർജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ മെഡി.റിപ്പോർട്ട് ഹാജരാക്കിയിരുന്നില്ല.
# മകൻ ഉന്നത പൊലീസ് ഓഫീസറാണെന്നും എന്തെല്ലാം അസംബന്ധമാണ് നാട്ടിൽ നടക്കുന്നതെന്നും ആശുപത്രിവാസം പരാമർശിച്ച് ഹൈക്കോടതി പറഞ്ഞിരുന്നു. മാന്യത കാണിക്കണമെന്നും തുറന്നടിച്ചു.
# കൂട്ടുത്തരവാദിത്തമുണ്ടന്ന ഹൈക്കോടതി പരാമർശം നീക്കാൻ ശങ്കരദാസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു ' ദൈവത്തെ പോലും വെറുതെ വിട്ടില്ല' എന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
ഇതുവരെ 12അറസ്റ്റ്
ഉണ്ണികൃഷ്ണൻ പോറ്റി------- ഒക്ടോ. 17
(സ്പോൺസർ)
മുരാരിബാബു-------- ഒക്ടോ. 23
(മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ)
ഡി.സുധീഷ് കുമാർ--------- നവം. 1
(മുൻ എക്സിക്യൂട്ടീവ് ഓഫീസർ)
കെ.എസ്.ബൈജു-------- നവം. 6
(മുൻ തിരുവാഭരണം കമ്മിഷണർ)-
എൻ.വാസു------------ നവം. 11
(ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറും)
എ.പത്മകുമാർ----------- നവം. 20
(ബോർഡ് മുൻ പ്രസിഡന്റ്)
എസ്.ശ്രീകുമാർ---------- ഡിസം.17
(മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ)
പങ്കജ് ഭണ്ഡാരി----------- ഡിസം. 19
(സ്വർണം വേർതിരിച്ച സ്ഥാപനയുടമ)
ഗോവർദ്ധൻ---------- ഡിസം.19
(ബെല്ലാരിയിലെ ജുവലറിയുടമ
വിജയകുമാർ---------- ഡിസം.29
(ബോർഡ് മുൻഅംഗം)
കണ്ഠരര് രാജീവര്---------- ജനു.-9
(ക്ഷേത്രം തന്ത്രി)
കെ.പി.ശങ്കരദാസ്---------- ജനു.14
(ബോർഡ് മുൻഅംഗം)