രക്തസാക്ഷിത്വ ദിനം തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കും കെ.പി.സി.സിയുടെ രാപ്പകൽ സമരം സമാപിച്ചു
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരായ മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കേന്ദ്രം തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചെന്നാരോപിച്ച് ലോക്ഭവന് മുന്നിൽ കെ.പി.സി.സി നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് പദ്ധതി പഴയതു പോലെ പുനഃസ്ഥാപിക്കുന്നതുവരെ കോൺഗ്രസ് സമരം തുടരും. കേന്ദ്രത്തിന്റെയും പിണറായി സർക്കാരിന്റെയും ജനവിരുദ്ധതയെ തുറന്നെതിർക്കുന്ന പാർട്ടി കോൺഗ്രസാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവർ പ്രസംഗിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സമരപ്പന്തൽ സന്ദർശിച്ചു.
പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം.എം. ഹസൻ, കെ.പി.സി.സി ഭാരവാഹികൾ എന്നിവർ സമരത്തിൽ പങ്കെടുത്തു.