ശബരിമല മേൽശാന്തിമാർക്ക് സഹായികൾ 4 മാത്രമാകും നിലവിൽ 20ലേറെ

Thursday 15 January 2026 12:48 AM IST

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സഹായികളുടെ എണ്ണം നാലായി പരിമിതപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. സഹായികളെ നിയമിക്കുന്നതിനു മുമ്പ് പൊലീസ് വേരിഫിക്കേഷനും ഉണ്ടാകും. കീഴ്ശാന്തിമാ‌ർക്ക് രണ്ടു സഹായികൾ മാത്രമാക്കും.

പരികർമ്മികളുടെ സേവനകാലം അഞ്ചു വർഷമായി നിജപ്പെടുത്തണമെന്ന നിർദ്ദേശം പ്രയോഗികമല്ലെന്നും ബോർഡ് അറിയിച്ചു. ഇങ്ങനെ ചെയ്താൽ, ശബരിമലയിലെ ആചാരപരമായ ചടങ്ങുകളെക്കുറിച്ച് വ്യക്തമായ അറിവുള്ളവരുടെ സേവനം ലഭ്യമാകാത്ത സാഹചര്യമുണ്ടാകും. മേൽശാന്തിമാരെ അതത് വർഷത്തേക്കാണ് നിയമിക്കുന്നത്. അതിനാൽ ചടങ്ങുകളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണ ഉണ്ടാകണമെന്നില്ലെന്നും ബോർഡ് വിശദീകരിച്ചു.

നിലവിൽ മേൽശാന്തിമാർ സ്വന്തം നിലയിൽ ഇരുപതിലധികം സഹായികളെ കൊണ്ടുവരുന്ന രീതിയാണുള്ളത്. ഇവരുടെ നിയമന കാര്യത്തിൽ ദേവസ്വം ബോർഡിന് നിയന്ത്രണം ഉണ്ടായിരുന്നില്ല. സഹായികളായി വർഷങ്ങളായി പ്രവർത്തിക്കുന്നവരുണ്ട്. ഇവർക്ക് ബോർഡ് പ്രതിഫലം നൽകുന്നില്ല. ഇവർക്കും പ്രതിഫലം നൽകേണ്ടതുണ്ടെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വി.രാജ വിജയരാഘൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹർജി വിധി പറയാൻ മാറ്റി. ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സഹായികളുടെ നിയമനവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നേരത്തേ ശാന്തിക്കാരുടെ സഹായിയായി പ്രവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സഹായികളുടെ വിവരങ്ങൾ കോടതി ആരാഞ്ഞത്.