എനിക്കായിരുന്നു ഇങ്ങനെ സംഭവിച്ചതെങ്കില്‍ നീ പോകുമായിരുന്നോ? ഉറങ്ങിക്കിടന്നപ്പോള്‍ പ്രണയപ്പക, ഭാര്യയോട് ഭര്‍ത്താവ് ചോദിച്ചത്

Wednesday 14 January 2026 11:04 PM IST

പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടാല്‍ മാനസികമായി വിഷമമുണ്ടാകുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ അതില്‍ നിന്ന് കരകയറാന്‍ കുറച്ചധികം ദിനങ്ങള്‍ തന്നെ വേണ്ടിവന്നേക്കാം. എന്നാല്‍ അതിനെ മനസ്സില്‍ പകയായി സൂക്ഷിച്ച് മറ്റൊരു മനുഷ്യനെ ആക്രമിക്കാന്‍ ഒരുമ്പെടുന്നത് പ്രണയമെന്ന വിശേഷണം പോലും അര്‍ഹിക്കുന്ന ഒന്നല്ല. പ്രണയബന്ധം അവസാനിപ്പിക്കുകയോ, അഭ്യര്‍ത്ഥന നിരസിക്കുകയോ ചെയ്താല്‍ സ്ത്രീകള്‍ക്ക് നേരെ ആക്രമണ മനോഭാവം കാണിക്കുന്നതും അവരെ വകവരുത്തുന്നതുമായ നിരവധി സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അരങ്ങേറിയിട്ടുണ്ട്.

ആസിഡ് ആക്രമണങ്ങളില്‍ നല്ലൊരു പങ്കും പ്രണയനൈരാശ്യം കാരണം എന്ന പേരിലുണ്ടാകുന്ന പകയുടെ പേരിലാണ്. 23ാം വയസ്സില്‍ തന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു ആക്രമണത്തെക്കുറിച്ച് പ്രഗ്യ സിംഗ് എന്ന യുവതി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 23ാം വയസ്സിലാണ് പ്രഗ്യ വിവാഹിതയായത്. അതിന് ശേഷം ഭര്‍ത്താവിനൊപ്പം മധുവിധു യാത്രയ്ക്ക് പോകുമ്പോള്‍ ആയിരുന്നു എല്ലാം തകര്‍ത്ത് ആ ദിനം വന്നെത്തിയത്. ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ ട്രെയിനിനുള്ളില്‍ ഉറങ്ങുകയായിരുന്ന പ്രഗ്യയുടെ മുഖത്ത് അക്രമി ആസിഡ് ഒഴിക്കുകയായിരുന്നു.

വിവാഹിതയാകുന്നതിന് മുമ്പ് ഒരു യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന പ്രഗ്യ നിരസിച്ചിരുന്നു. ഇതില്‍ പക തോന്നിയ യുവാവാണ് ഭര്‍ത്താവ് സഞ്ജയ്ക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്ന പ്രഗ്യയെ പിന്തുടര്‍ന്നെത്തി ആക്രമിച്ചത്. ഒരു നിമിഷം കൊണ്ട് മുഖവും വ്യക്തിത്വവും ജീവിതവും കരിഞ്ഞുപോയെന്ന സത്യം തിരിച്ചറിഞ്ഞെന്നും പ്രഗ്യ പറയുന്നു. ''അതിനു ശേഷം രണ്ടു വര്‍ഷക്കാലം എന്റെ ജീവിതം ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. മുഖം ബാന്‍ഡേജില്‍ പൊതിഞ്ഞ്, കൊടിയ വേദനയുടെ ആ നാളുകള്‍ ഞാന്‍ തള്ളി നീക്കി.

എന്നെ ഉപേക്ഷിച്ചു പോകൂ എന്ന് പലകുറി ഞാന്‍ ഭര്‍ത്താവിനോട് അപേക്ഷിച്ചു. പക്ഷേ, എനിക്കായിരുന്നു ഇങ്ങനെ സംഭവിച്ചതെങ്കില്‍ നീ എന്നെ ഉപേക്ഷിക്കുമായിരുന്നോ? ഇതായിരുന്നു ഭര്‍ത്താവ് തിരികെ ചോദിച്ചത്. കാലങ്ങളോളം വീട്ടിലെ ഇരുട്ട് മുറിയില്‍ അടച്ചിരുന്നു. മറ്റ് മനുഷ്യരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് തന്നെയായിരുന്നു കാരണം. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഗ്യ ഒരു അമ്മയായി. പിന്നീട് താന്‍ ഒരിക്കലും ഭയന്ന് ജീവിക്കില്ലെന്ന് സ്വയം വാക്ക് നല്‍കിയെന്നും അവര്‍ പറയുന്നു.

സാമൂഹിക പ്രവര്‍ത്തകയും മോട്ടിവേഷണല്‍ സ്പീക്കറുമാണ് ഇന്നവര്‍. ഇന്ത്യയില്‍ ഇന്നും ആസിഡ് ആക്രമണമെന്ന വലിയ ആപത്ത് നിരവധി പെണ്‍കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാന്‍ സാദ്ധ്യതയുള്ള ഒന്നായി നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. രാജ്യത്ത് ആസിഡ് വില്‍പ്പന നിയമപരമായി തന്നെ നിരോധിക്കണമെന്നാണ് പ്രഗ്യ ആവശ്യപ്പെടുന്നത്. താന്‍ എങ്ങനെയോ രക്ഷപ്പെട്ടു, എന്നാല്‍ സമാനമായ സാഹചര്യത്തില്‍ മറ്റൊരു യുവതിക്ക് അതിന് കഴിഞ്ഞെന്ന് വരില്ല- പ്രഗ്യ പറഞ്ഞു നിര്‍ത്തി.