12 മില്ലുകൾ കൂടി നെല്ല് സംഭരിക്കും തീരുമാനം മന്ത്രിതല ചർച്ചയിൽ
ആലപ്പുഴ: തൃശൂർ, പാലക്കാട് ജില്ലകളിൽ പുഞ്ചക്കൊയ്‌ത്ത് തുടങ്ങിയതിന് പിന്നാലെ 12 മില്ലുകൾ കൂടി നെല്ല് സംഭരിക്കാൻ കരാറൊപ്പിട്ടു. ശനിയാഴ്ച കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് കരാർ ഒപ്പിട്ടത്. ഇതോടെ ഇത്തവണ നെല്ല് സംഭരിക്കുന്ന മില്ലുകളുടെ എണ്ണം 23 ആയി. കഴിഞ്ഞ വർഷം 53 മില്ലുകളാണ് പുഞ്ചനെല്ല് സംഭരിച്ചത്. ഈ സീസണിൽ സംസ്ഥാനത്ത് ആറു ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കേണ്ടിവരും.
മുൻ വർഷങ്ങളിൽ നെല്ല് സംസ്‌കരിച്ച് അരിയാക്കിയതിന് മില്ലുകാർക്ക് ലഭിക്കാനുള്ള ഔട്ട് ടേൺ റേഷ്യോ കുടിശിക നൽകും. ഒപ്പം ഒന്നാം വിളയിലേതുപോലെ ക്വിന്റലിന് 1.5 കിലോ അരിയുടെ കിഴിവ് പുഞ്ചകൃഷിയിലും നൽകാമെന്ന സർക്കാർ ഉറപ്പു നൽകി. ഇതേത്തുടർന്നാണ് നെല്ല് സംഭരണത്തിന് കൂടുതൽ മില്ലുകാരെത്തിയത്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്‌ക്ക് ശേഷം കൂടുതൽ മില്ലുകൾ സഹകരിക്കുമെന്നാണ് സപ്ളൈകോ കരുതുന്നത്. എന്നാൽ രജിസ്റ്റർ ചെയ്‌തമില്ലുകളിൽ ഒന്നോ, രണ്ടോ ഒഴികെ മിക്കതും സംഭരണശേഷി കുറഞ്ഞവയാണ്. ഇത് സപ്ളൈകോയെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.
പാലക്കാട് സഹകരണ സംഭരണം
സഹകരണ വകുപ്പിന്റെ സഹായത്തോടെയുള്ള പുഞ്ച നെല്ല് സംഭരണം പാലക്കാട്ടാകും ആദ്യം നടപ്പാക്കാക്കുക. സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് യഥാസമയം പണം ലഭ്യമാക്കും. ഒപ്പം സംഭരിച്ച നെല്ല് സപ്ളൈകോയിലൂടെ അരിയാക്കി വിതരണം ചെയ്യാനുള്ള മാർഗങ്ങശും ആലോചിക്കുന്നുണ്ട്. അതേസമയം ആലപ്പുഴ കുട്ടനാട്ടിലെ ചതുർത്ഥ്യാങ്കരി, ചമ്പക്കുളം സഹകരണ സംഘങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സംഭരണത്തിൽ തുടർനടപടികളൊന്നുമായില്ല.
പുഞ്ച സംഭരണം കർഷക രജിസ്ട്രേഷൻ ഇതുവരെ
ആലപ്പുഴ....................3,910
പാലക്കാട്................13,094
കോട്ടയം....................2,910
തൃശൂർ......................25,065
പത്തനംതിട്ട.................754
മലപ്പുറം......................5,125
വയനാട്........................150
മന്ത്രിതല ചർച്ചയ്ക്ക്ശേഷം കൂടുതൽ മില്ലുകൾ എഗ്രിമെന്റ് ഒപ്പിട്ടിട്ടുണ്ട്. മുഖ്യമന്ത്രി നിർദ്ദേശിച്ച സഹകരണ മേഖലയുടെ പങ്കാളിത്തതോടെയുള്ള സംഭരണത്തിനുള്ള ശ്രമംപുരോഗമിക്കുന്നു
-സപ്ളൈകോ, പാഡി വിഭാഗം