വയനാട് പുനരധിവാസം: വീട് നിർമ്മാണത്തിന് കോൺഗ്രസ് തുടക്കംകുറിച്ചു
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനായുള്ള ഭൂമി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിന് പിന്നാലെ വീട് നിർമ്മാണത്തിന് കോൺഗ്രസ് തുടക്കം കുറിച്ചു. കുന്നമ്പറ്റയിൽ ഏറ്റെടുത്ത ഭൂമിയിൽ മരങ്ങളും കാപ്പി ചെടികളും മുറിച്ച് നീക്കലും മണ്ണ് നിരപ്പാക്കുന്ന പ്രവർത്തനങ്ങളും ഇന്നു മുതൽ ആരംഭിക്കും. കരാർ കമ്പനി എൻജിനീയർമാർ സ്ഥലം സന്ദർശിച്ചു. കൊണ്ടൂർ സർവേ ഉൾപ്പെടെ കഴിഞ്ഞദിവസം പൂർത്തിയാക്കിയിരുന്നു. വൈവിദ്ധ്യങ്ങൾ നിറഞ്ഞ മാതൃക പുനരുധിവാസ പദ്ധതിയാണ്‌കോൺഗ്രസ് നടപ്പിലാക്കുകയെന്ന് ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു. സർക്കാർ പുനരധിവാസ പട്ടികയിലുൾപ്പെടുത്താത്ത പുറത്താക്കപ്പെട്ട കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തും. ഏറ്റവും മാതൃകാപരമായി പുനരധിവാസം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കോൺഗ്രസിന്റെ പുനരധിവാസ പദ്ധതിയെമോശമായി ചിത്രീകരിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക്ക് ആരോപിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി, യൂത്ത്‌കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺദേവ്, വാർഡ് മെമ്പർ ഷൈജ എന്നിവർ സ്ഥലം സന്ദർശിച്ചു.