പച്ചക്കറി വില്ക്കുന്ന മാഹീന്റെ ഭാഗ്യവിളിക്ക് 45വയസ്

Thursday 15 January 2026 12:16 AM IST

ആലപ്പുഴ : മാഹീന്റെ ശബ്ദം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. നാളെയാണ്...നാളെ, ഭാഗ്യം നിങ്ങളുടെ കൈകളിലെത്താൻ നിമിഷങ്ങൾ മാത്രം...എന്നിങ്ങനെ മാഹീൻ പറയുമ്പോൾ ഭാഗ്യാന്വേഷികൾ കാതോർക്കുന്നു. മുഹമ്മ നന്നാംകേരി വെളിയിൽ വീട്ടിൽ മാഹീൻ (69) കേരള ലോട്ടറിയുടെ ശബ്ദമായിമാറിയിട്ട് 45വർഷം പിന്നിട്ടു.

ഉന്തുവണ്ടിയിൽ പച്ചക്കറി വിറ്റ് ഉപജീവനം നടത്തുന്ന മാഹീൻ അതിനിടയിലാണ് അനൗൺസ്മെന്റ് തയ്യാറാക്കുന്നത്. 14 ജില്ലകളിലായി ഇരുന്നൂറോളം ഏജൻസികളാണ് ലോട്ടറി വില്പനയ്ക്ക് മാഹീന്റെ ശബ്ദം ഉപയോഗിക്കുന്നത്. വീട്ടിൽ ഒരുക്കിയ മിനി സ്റ്റുഡിയോയിലാണ് റെക്കാഡിംഗ്.

ബംബറുകളുടെയും പ്രതിദിന ലോട്ടറികളുടെയും അനൗൺസ്മെന്റ് റെക്കാഡ് ചെയ്ത് കൊടുക്കും. ബംബർ നറുക്കെടുപ്പിന് എല്ലാ ഏജൻസികൾക്കും പൊതുവായി ഒരു അനൗൺസ്മെന്റ് തയ്യാറാക്കും. നാളെ, ഇന്ന് എന്നിങ്ങനെ രണ്ടെണ്ണംകൂടി അതിനൊപ്പം നൽകും. പുതുതായി ആരംഭിക്കുന്ന ഏജൻസികളുടേതുൾപ്പടെ ആഴ്ചയിൽ മൂന്ന് റെക്കാഡിംഗ് എങ്കിലും ലഭിക്കാറുണ്ട്.നിർദ്ധനരായ ലോട്ടറി കച്ചവടക്കാരിൽനിന്ന് മാഹിൻ പ്രതിഫലം വാങ്ങാറില്ല. ചിലർക്ക് പകുതി നിരക്കിൽ നൽകും.തിരഞ്ഞെടുപ്പുവേളകളിലടക്കം മാഹീന്റെ ശബ്ദം തേടി ഓഫറുകളെത്താറുണ്ടെങ്കിലും തന്റെ ശബ്ദം ലോട്ടറിക്കുവേണ്ടി മാത്രമാണെന്നാണ് നിലപാട്. ജമീലയാണ് ഭാര്യ. മക്കൾ: വഹീദ, വാഹിദ്, ഷാഹിദ, റാഷിദ.

പ്രചോദനമായത് ഭാഗ്യമാല

നാലാംക്ലാസിൽ പഠനം അവസാനിപ്പിച്ച മാഹിൻ 15ാം വയസ്സിൽ പത്രവിതരണത്തിനൊപ്പം ഒരു രൂപ വിലയുള്ള ലോട്ടറിയുടെ കച്ചവടം തുടങ്ങി. 1980 - 83 കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ ഭാഗ്യമാല ടിക്കറ്റ് അനൗൺസ്മെന്റോടെ ഇറക്കിയതാണ് മാഹീന് വഴിത്തിരിവായത്. അതിനെ അനുകരിച്ച് സ്വയം എഴുതിയ വാചകങ്ങൾ സൈക്കിൾ റിക്ഷയിൽ മൈക്ക് കെട്ടി അനൗൺസ് ചെയ്ത് കച്ചവടത്തിന് കൊഴുപ്പുകൂട്ടി. തുടർന്ന് പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയിൽ ടേപ്പ് റെക്കാഡറിൽ അനൗൺസ്മെന്റ് തയ്യാറാക്കി. ഇതോടെയാണ് അനൗൺസ്മെന്റിനു വേണ്ടി പലരും മാഹീനെ സമീപിച്ചു തുടങ്ങിയത്.